തിരുവനന്തപുരം : ചന്ദ്രയാൻ 3ല്‍ (Chandrayaan 3) നിന്നും പുറപ്പെട്ട പ്രഗ്യാൻ റോവർ 10 മീറ്ററോളം സഞ്ചരിച്ചുവെന്നും വിവരങ്ങൾ ലഭിച്ചുതുടങ്ങിയെന്നും വിഎസ്‌എസ്‌സി (Vikram Sarabhai Space Centre) ഡയറക്‌ടർ എസ് ഉണ്ണികൃഷ്‌ണൻ നായർ (S. Unnikrishnan Nair). ജൂലൈ 14 ന് എൽ വി എം -3 പേടകം വിക്ഷേപിച്ചതിന് ശേഷം ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യുകയും റോവർ പ്രവർത്തനം ആരംഭിക്കുകയും ചെയ്‌തു. മിഷൻ 100 ശതമാനം വിജയകരമായിരുന്നു (S Unnikrishnan Nair On Chandrayaan 3).
എല്ലാ കാര്യങ്ങളും ഉദ്ദേശിച്ചത് പോലെ നടന്നു. ചന്ദ്രനിൽ ലാൻഡ് ചെയ്യാൻ ഉദ്ദേശിച്ച സ്ഥലത്ത് നിന്നും വളരെ ചെറിയ വ്യത്യാസത്തിൽ ലാൻഡ് ചെയ്യാൻ സാധിച്ചു. തുടർന്ന് റാമ്പ് നിവർന്ന് റോവർ പുറത്തിറങ്ങി. റോവർ ഇപ്പോൾ എട്ട് മുതൽ 10 മീറ്റർ വരെയാണ് സഞ്ചരിച്ചത്.
എല്ലാ പേ ലോഡുകളും വിന്യസിച്ചു. വിഎസ്‌എസ്‌സിയാണ് എൽ വി എം -3 വികസിപ്പിക്കുന്നത്. തീർച്ചയായും മറ്റ് കേന്ദ്രങ്ങളുടെ സഹകരണവും ഉണ്ട്. പ്രധാന പേ ലോഡുകളായ ചാസ്‌തെ, രംഭ എന്നിവ വികസിപ്പിച്ചത് വിഎസ്‌എസ്‌സിയിലെ ഫിസിക്‌സ് ലാബിൽ ആയിരുന്നു.
ചന്ദ്രയാൻ 3 ഭാരതത്തിന് അഭിമാനകരം : വളരെ നിർണായകവും പ്രധാനവുമായ ലാൻഡിംഗ് പരീക്ഷണമായിരുന്നു നടന്നത്. ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. റഷ്യയുടെ ലൂണ 25 അവസാന ഘട്ടത്തിൽ പരാജയപ്പെട്ടത് നാം കണ്ടതാണ്. ചന്ദ്രയാൻ 3 ഭാരതത്തിന് അഭിമാനകരമായ നേട്ടമാണ്.