തിരുവനന്തപുരം: കെ-റെയിൽ സംവാദത്തിൽ അതൃപ്‌തിയുമായി ആർ.വി.ജി മേനോൻ. ചർച്ച നടത്തേണ്ടത് മൂന്ന്, നാല് വർഷം മുമ്പേ ആയിരുന്നുവെന്നും എല്ലാം തീരുമാനിച്ച ശേഷം നിങ്ങൾ ചർച്ച ചെയ്‌തു കൊള്ളൂ എന്നു പറയുന്നത് മര്യാദക്കേടാണെന്നും അദ്ദേഹം പറഞ്ഞു. എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്ന് പറയുന്നത് ഭീകരമായ പ്രസ്‌താവനയാണെന്നും മേനോൻ ചൂണ്ടിക്കാട്ടി.
പദ്ധതിയെ എതിർക്കുന്ന ഏക വ്യക്തി:ജനങ്ങളുമായി സംവദിച്ചും വിദഗ്‌ധരുമായി വ്യാപക ആലോചന നടത്തിയും വേണം പദ്ധതിക്ക് രൂപം കൊടുക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയെ എതിർത്ത് സംവാദത്തിൽ സംസാരിക്കുന്ന എക വിദഗ്‌ധനാണ് ഡോ. ആർ.വി.ജി മേനോൻ. യാത്ര വേഗം വർധിപ്പിക്കാൻ നിലവിലുള്ള റെയിൽവേ സംവിധാനം ശാസ്ത്രീയമായി വികസിപ്പിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വളവുകൾ നിവർത്തി നിലവിലുള്ള സംവിധാനത്തോടു ചേർന്ന് പുതിയ പാതകൾ നിർമിക്കുകയാണ് വേണ്ടത്. മുന്നും നാലും പാതകൾ നിർമിച്ച് സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തണം. റെയിൽവേ പാതയോട് ചേർന്നുള്ള സ്ഥലങ്ങൾക്ക് വില കുറവാണ്. നല്ല വില നൽകിയാൽ സ്ഥലമേറ്റെടുപ്പ് വേഗം നടക്കും.
പാത ഇരട്ടിപ്പിക്കൽ പൂർത്തിയായാൽ ജനശതാബ്‌ദി എക്‌സ്‌പ്രസ് മൂന്നു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് എത്തും. വികസനം വൈകുന്നത് കേരളത്തോടുള്ള റെയിൽവേയുടെ അവഗണന മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
അർധ അതിവേഗ റെയിൽപാതയ്ക്ക് സ്റ്റാൻഡേർഡ് ഗേജ് എന്നത് ആരുടെ ചിന്തയിൽ വിരിഞ്ഞ ആശയമാണെന്നും ആ തീരുമാനത്തിലേക്ക് എത്തിയ പ്രക്രിയ എന്താണെന്നും അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അത് ചോദ്യം ചെയ്യുന്നത് രാഷ്ട്രീയമാണെങ്കിൽ ആ രാഷ്ട്രീയം നല്ലതാണ്.