തിരുവനന്തപുരം:പ്ലസ്‌ടുവിനും നീറ്റ് പ്രവേശന പരീക്ഷയിലും ഉന്നത വിജയം കൈവരിച്ചിട്ടും വിദ്യാഭ്യാസത്തിനായി യുക്രൈയിനിലെ സര്‍വകലാശാലയെ ആശ്രയിച്ച അനേകം വിദ്യാര്‍ഥികളില്‍ ഒരാളാണ് അനഘ എ.എല്‍. രാജ്യത്തെ വിദ്യാഭ്യാസ നയത്തിന്‍റെ പോരായ്‌മ കൊണ്ടാണ് പഠനത്തിനായി വിദേശ യൂണിവേഴ്‌സിറ്റിയെ ആശ്രയിച്ചത്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളില്‍ അഞ്ചിലൊന്നും മലയാളികളാണെന്നും യുക്രൈയിനിലെ ബുക്കോവിനിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ (Bukovinian State Medical University) നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ, തിരുവനന്തപുരം മണ്ഡപത്തിന്‍കടവ് സ്വദേശിനി അനഘ പറയുന്നു.
നീറ്റ് പരീക്ഷയില്‍ ഭേദപ്പെട്ട റാങ്ക് നേടിയവര്‍ക്കു പോലും ഇന്ത്യയില്‍ പ്രവേശനം ലഭിക്കാതെ വരുമ്പോള്‍ ആശ്രയം വിദേശ യൂണിവേഴ്‌സിറ്റികളാണ്. യുക്രൈനില്‍ 18,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. ഇതില്‍ അഞ്ചിലൊന്നും മലയാളികളാണ്. സര്‍ക്കാര്‍ സഹായം തേടി യുക്രൈനില്‍ നിന്ന് നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്‌തത് 3493 വിദ്യാര്‍ഥികളാണ്.
പരീക്ഷയെഴുതിയത് 5 ലക്ഷത്തിലേറെ; സീറ്റ് 88000
സംസ്ഥാന പ്രവേശന പരീക്ഷകള്‍ അവസാനിപ്പിച്ച് നീറ്റ് എന്ന് കേന്ദ്രീകൃത പരീക്ഷ രീതിയിലാണ് ഇപ്പോള്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം നീറ്റ് പ്രവേശന പരീക്ഷയെഴുതിയത് അഞ്ച് ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ്. ആകെയുള്ള എം.ബി.ബി.എസ് സീറ്റുകള്‍ 88,120 മാത്രമാണ്.
രാജ്യത്തെ സംവരണ നിയമങ്ങള്‍ അടക്കം പാലിക്കുമ്പോള്‍ സീറ്റ് ലഭിക്കണമെങ്കില്‍ ഉയര്‍ന്ന് റാങ്ക് ലഭിക്കണം. ഇതില്‍ 313 സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ഏകദേശം 50,000 സീറ്റ്. ഇവിടെ പഠിക്കണമെങ്കില്‍ നീറ്റില്‍ ഉയര്‍ന്ന റാങ്ക് നേടണം. ഈ സാഹചര്യത്തില്‍ സ്വാശ്രയ കോളജുകള്‍ അല്ലെങ്കില്‍ വിദേശ യൂണിവേഴ്‌സിറ്റികള്‍ എന്ന തീരുമാനത്തിലേക്ക് വിദ്യാര്‍ഥികളും രക്ഷിതാക്കളും എത്തുന്നു.
കേരളത്തില്‍ ഒരു കോടി; വിദേശത്ത് 22 ലക്ഷം വരെ
സംസ്ഥാനത്ത് സര്‍ക്കാര്‍ സീറ്റുകളില്‍ പ്രവേശനം ലഭിക്കാത്ത വിദ്യര്‍ഥികള്‍ക്ക് സ്വാശ്രയ കോളജുകള്‍ എന്നത് താങ്ങാനാവുന്നതിലും അധികമാണ്. കേരളത്തില്‍ ഒരു സ്വാശ്രയ മെഡിക്കല്‍ കോളജിലെ ഒരു വര്‍ഷത്തെ ട്യൂഷന്‍ ഫീസ് 6.94 ലക്ഷം രൂപയാണ്. കോളജുകള്‍ക്ക് അനുസരിച്ച് ഫീസ് വ്യത്യാസം വരും. ട്യൂഷന്‍ ഫീസ് കൂടാതെ സ്‌പെഷല്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവ ചേരുമ്പോള്‍ ഇത് 8.5 ലക്ഷം രൂപവരെയാകും. ഇതേ സീറ്റ് എന്‍.ആര്‍.ഐ ആണെങ്കില്‍ അത് 20 ലക്ഷം രൂപവരെയാകും.
മെഡിക്കല്‍ പഠന കാലയളവായ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പഠന ചെലവ് 40 ലക്ഷത്തിന് മുകളിലാകും. എന്‍.ആര്‍.ഐ ക്വാട്ടയിലാണെങ്കില്‍ അത് ഒരു കോടി രൂപ കടക്കും. എന്നാല്‍ വിദേശ യൂണിവേഴ്‌സിറ്റികളില്‍ പഠിച്ചാല്‍ അത് 15 മുതല്‍ 20 ലക്ഷം രൂപയില്‍ ഒതുക്കാനാകും. യുക്രൈനില്‍ എം.ബി.ബി.എസ് പഠനത്തിന് മൂന്ന് മുതല്‍ 3.75 ലക്ഷം രൂപയ്ക്ക് ഇടയിലാണ് ഫീസ്.
പുറത്ത് സ്വന്തം താമസസ്ഥലങ്ങള്‍ കണ്ടെത്തുന്നവരാണെങ്കില്‍ ചെലവ് വലിയ രീതിയില്‍ കുറയ്ക്കാന്‍ കഴിയും. ആദ്യ വര്‍ഷം ചേരുമ്പോള്‍ ട്യൂഷന്‍ ഫീസിനുപുറമേ രജിസ്‌ട്രേഷന്‍, അഡ്‌മിഷന്‍ ഫീസ്, വിസ നടപടികളുടെ തുക ഉള്‍പ്പെടെ ഒരു വിദ്യാര്‍ഥി നല്‍കേണ്ടി വരുന്നത് 5.55 ലക്ഷം രൂപ വരെയാണ്.