തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ യോഗ നടപടികള്‍ പ്രസിദ്ധീകരിക്കുന്നതില്‍ വീഴ്‌ച വരുത്തിയ സംഭവത്തില്‍ നടപടിയുമായി ഗ്രാമവികസന വകുപ്പ്. ഭരണ സമിതി യോഗങ്ങളുടെ നടപടിക്രമങ്ങള്‍ (മിനിട്സ്) 'സകര്‍മ'എന്ന സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തി പ്രസിദ്ധപ്പെടുത്തണമെന്ന 2015 മുതലുള്ള ചട്ടം പാലിക്കാതെ ഗ്രാമപഞ്ചായത്തുകള്‍ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ നാളിതുവരെ നടത്തിയ ഒളിച്ചുകളിയാണ് ഇടിവി ഭാരത് വാര്‍ത്തയിലൂടെ പുറത്തായത്.
ഇടിവി വാർത്തയ്‌ക്ക് പിന്നാലെ നടപടി
ഇതിനു പിന്നാലെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും മിനിട്ട്‌സ് വിവരങ്ങള്‍ സകര്‍മയില്‍ രേഖപ്പെടുത്താന്‍ നിര്‍ബന്ധിതരായി. മാത്രമല്ല ബ്ലോക്ക് പഞ്ചായത്തുകളില്‍ സകര്‍മ്മ നിലവില്‍ വന്ന് നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായി ഗ്രാമവികസന വകുപ്പ് കമ്മിഷണറേറ്റ് സംസ്ഥാനാടിസ്ഥാനത്തില്‍ ഒക്ടോബര്‍ ഏഴ്, എട്ട് തീയതികളില്‍ നടത്താന്‍ പോകുന്ന ബ്ലോക്കുകളുടെ പദ്ധതി അവലോകന യോഗത്തില്‍ 'സകര്‍മ അപ്‌ഡേഷന്‍ സ്റ്റാറ്റസ്' അജണ്ടയായി ഉള്‍പ്പെടുത്തി കൊണ്ടുള്ള അറിയിപ്പും പുറത്ത് വന്നു. ഇതിന്‍റെ പകര്‍പ്പും ഇടിവി ഭാരതിന് ലഭിച്ചു.
അതേസമയം ഒന്നര ദിവസം കിണഞ്ഞു പരിശ്രമിച്ചിട്ടും താത്‌കാലികമായിപ്പോലും സകര്‍മ അപ്‌ലോഡിങ് സ്റ്റാറ്റസ് പേരിനു പോലും പൂര്‍ണതയിലെത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല. 2021ലെ യോഗ നടപടികള്‍ ഒന്നുപോലും ഇന്നലെ വരെ പ്രസിദ്ധീകരിക്കാത്ത 12 ബ്ലോക്ക് പഞ്ചായത്തുകളെ അലര്‍ട്ട് ആക്കിയെങ്കിലും ഒമ്പത് ബ്ലോക്ക് പഞ്ചായത്തുകള്‍ മാത്രമാണ് നാളിതുവരെ പ്രസിദ്ധീകരിക്കാതെ ഡ്രാഫ്റ്റില്‍ തിരുത്തലിനായി സൂക്ഷിച്ചിരുന്ന മിനിട്സുകള്‍ പ്രസിദ്ധപ്പെടുത്തിയത്. ഇവയില്‍ ഒറ്റ ദിവസം കൊണ്ട് ഒമ്പത് മുതല്‍ 19 വരെ മിനിട്സുകള്‍ പ്രസിദ്ധീകരിച്ച ബ്ലോക്കുകളും ഉള്‍പ്പെടുന്നു.
ഇനിയും പ്രസിദ്ധീകരിക്കേണ്ട ബ്ലോക്കുകളേറെ
2021 അവസാനിക്കാന്‍ മൂന്ന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇത്തിക്കര, കോയിപ്രം, പേരാവൂര്‍ ബ്ലോക്കുകള്‍ ഓരോന്നു വീതവും അഞ്ചല്‍, ആര്യാട്, അട്ടപ്പാടി, കുറ്റിപ്പുറം ബ്ലോക്കുകള്‍ രണ്ടു വീതവും മിനിട്ട്സുകളേ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. ബഡ്‌ജറ്റ്, പദ്ധതി രൂപീകരണം, കൊവിഡ് നിയന്ത്രണം എന്നീ പ്രധാന അജണ്ടകള്‍ ഉണ്ടായിരുന്ന ഈ കലണ്ടര്‍ വര്‍ഷത്തില്‍ എട്ട് മാസത്തിനകം ശരാശരി 15 യോഗങ്ങളെങ്കിലും എല്ലാ ബ്ലോക്കുകളിലും നടന്നിട്ടുണ്ട് എന്നിരിക്കേയാണ് ഈ അവസ്ഥ.
സകര്‍മയില്‍ പത്തിന് താഴെ മാത്രം മിനിട്ട്‌സുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നിരവധി ബ്ലോക്കുകള്‍ ഇപ്പോഴും ശേഷിക്കുന്നുണ്ട്. ജില്ലാതല ഓഫീസര്‍മാരുടെ ശ്രദ്ധക്കുറവും ബ്ലോക്ക് പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തിന്‍റെ വീഴ്‌ചയുമാണ് ഇത്തരം പ്രവര്‍ത്തനരാഹിത്യത്തിന് കാരണമായത്. ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തിന് ബ്ലോക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് തൊട്ടടുത്ത പഞ്ചായത്തില്‍ പരിശോധനയ്ക്കു വരുമ്പോള്‍ ആ ബ്ലോക്കിന്‍റെ ചുമതല കൂടി നല്‍കിയാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് വിദഗ്‌ധർ പറയുന്നത്.
READ MORE:ETV BHARAT EXCLUSIVE: "സകർമ്മയ്ക്ക്" പുല്ലുവില, ബ്ലോക്ക് പഞ്ചായത്തുകളില്‍ നടക്കുന്നത് വൻ തിരിമറി
മാത്രമല്ല 2019, 2020 വര്‍ഷങ്ങള്‍ അവസാനിച്ച് അന്നുണ്ടായിരുന്ന ഭരണസമിതികള്‍ മാറി പുതിയ ഭരണസമിതികള്‍ വന്നിട്ടും ഇതുവരെ 2018, 2019, 2020 വര്‍ഷങ്ങളിലെ മിനിട്ട്‌സുകള്‍ പൂര്‍ണമായും സകര്‍മ്മയില്‍ പ്രസിദ്ധീകരിക്കാത്ത ബ്ലോക്ക് പഞ്ചായത്തുകളാണ് ഭൂരിപക്ഷവും. തലസ്ഥാന ജില്ലയിലെ വെള്ളനാട് ബ്ലോക്ക് 2018ല്‍ ഏഴ്, 2019ല്‍ ഒമ്പത്, 2020ല്‍ ഒമ്പത് എന്നിങ്ങനെ മാത്രമാണ് പ്രസിദ്ധപ്പെടുത്തിയത്.
ഈ വര്‍ഷങ്ങളില്‍ കേരളത്തില്‍ ഏറ്റവും കുറവ് മിനിട്സുകള്‍ പ്രസിദ്ധീകരിച്ച ഏക ബ്ലോക്ക് പഞ്ചായത്തും ഇതാണ്. പഞ്ചായത്തീ രാജ് ആക്‌ട് പ്രകാരം രണ്ട് കമ്മറ്റികള്‍ തമ്മിലുള്ള പരമാവധി ഇടവേള 30 ദിവസമാണ്. ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷം 12 കമ്മിറ്റികളെങ്കിലും നടന്നിരിക്കണം. ജില്ലാ പഞ്ചായത്തും മുന്‍സിപ്പാലിറ്റികളും ഭേദപ്പെട്ട നിലയില്‍ സകര്‍മ്മയില്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും കോര്‍പ്പറേഷനുകളില്‍ കൊല്ലം ഒഴികെ മറ്റാര്‍ക്കും ഇങ്ങനെയൊരു സംവിധാനം ഉള്ളതായി പോലും അറിവില്ല.