തിരുവനന്തപുരം: നേതാക്കളുടെ ആര്‍.എസ്.എസ് ബന്ധത്തെച്ചൊല്ലി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആരംഭിച്ച വിവാദം പ്രമുഖ പാര്‍ട്ടി മുഖപത്രങ്ങള്‍ കൂടി ഏറ്റെടുത്തതോടെ ചൂടുപിടിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അര്‍.എസ്.എസിന് പ്രിയപ്പെട്ടവനാണെന്ന ആരോപണമുയര്‍ത്തി കോടിയേരി കൊളുത്തിയ വിവാദം ദേശാഭിമാനി, വീക്ഷണം, ജന്മഭൂമി ദിനപത്രങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. കോടിയേരിയുടെ ആരോപണത്തിന് പിന്‍ബലമേകിയ ദേശാഭിമാനി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിതാവ് ആര്‍.എസ്.എസ് അനുഭാവിയായിരുന്നെന്ന് ആരോപണമുയര്‍ത്തി. ഇക്കാര്യം ജന്മഭൂമിയും ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ രമേശ് ചെന്നിത്തല ആര്‍.എസ്.എസിന് പ്രിയപ്പെട്ടവനാണെന്നും കോണ്‍ഗ്രസിലെ ആര്‍.എസ്.എസ് സർസംഘചാലകാണ് രമേശ് ചെന്നിത്തലയെന്നും ആരോപണമുയര്‍ത്തി.
നേതാക്കളുടെ ആര്‍.എസ്.എസ് ബന്ധം; വാർത്ത ചൂടുപിടിക്കുന്നു
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അര്‍.എസ്.എസിന് പ്രിയപ്പെട്ടവനാണെന്ന ആരോപണമുയര്‍ത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ കൊളുത്തിയ വിവാദം ദേശാഭിമാനി, വീക്ഷണം, ജന്മഭൂമി ദിനപത്രങ്ങള്‍ ഏറ്റെടുത്തു.
40 വര്‍ഷമായി പൊതുരംഗത്തുള്ള തന്‍റെ ഡി.എന്‍.എ ആര്‍ക്കും ബോധ്യപ്പെടുത്തേണ്ടെന്ന് ചെന്നിത്തല വീക്ഷണത്തിലൂടെ തിരിച്ചടിച്ചു. എന്നാല്‍ മുതിര്‍ന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നെന്ന ഗുരുതരമായ ആരോപണവുമായി സംഭവത്തില്‍ വഴിത്തിരിവുണ്ടാക്കി ജന്മഭൂമി കളത്തിലിറങ്ങിയതോടെ രംഗം കൊഴുത്തു. ഹൈസ്‌കൂള്‍ വിദ്യാർഥിയായിരിക്കെ എസ്. രാമചന്ദ്രന്‍പിള്ള കായംകുളം കൃഷ്‌ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് ആയിരുന്നുവെന്നും ആര്‍.എസ്.എസിന്‍റെ പ്രവര്‍ത്തന ശിബിരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും ജന്മഭൂമി ആരോപിച്ചു. ഇക്കാര്യം സി.പി.എമ്മും ദേശാഭിമാനിയും നിഷേധിച്ചെങ്കിലും രാമചന്ദ്രന്‍പിള്ള ശരിവെച്ചതോടെ സി.പി.എം വെട്ടിലായി. 15 വയസുവരെ താന്‍ ആര്‍.എസ്.എസിലുണ്ടായിരുന്നെന്ന് അദ്ദേഹം സമ്മതിച്ചു. സങ്കുചിത ദേശീയതയേക്കാള്‍ സാര്‍വ്വദേശീയതയാണ് നല്ലതെന്ന് തീരുമാനിച്ച് 16-ാം വയസില്‍ താന്‍ ഭൗതിക വാദിയായി. 18-ാം വയസില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. പല ആശങ്ങളുള്ളവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാകുന്നത് ആ പാര്‍ട്ടിയുടെ കരുത്തിന്‍റെ തെളിവാണെന്നും രാമചന്ദ്രന്‍പിള്ള പ്രതികരിച്ചു. വരും ദിവസങ്ങളിലും കൂടുതല്‍ നേതാക്കളുടെ ആര്‍.എസ്.എസ് ബന്ധം ചികയുന്ന തിരക്കിലായിരിക്കും മൂന്ന് പാര്‍ട്ടികളുടെയും മുഖപത്രങ്ങള്‍ എന്നത് ഉറപ്പാണ്.