2000 രൂപ നോട്ട് നിരോധനത്തിൽ പ്രതികരിച്ച് പൊതുജനം തിരുവനന്തപുരം : രണ്ടായിരത്തിന്‍റെ നോട്ട് (Rs 2000 Currency) കണ്ടിട്ടുതന്നെ കാലങ്ങളായെന്ന് ജനം. നോട്ട് പുറത്തിറക്കിയശേഷം വളരെ കുറച്ച് മാത്രമേ 2000ത്തിന്‍റെ നോട്ടുകള്‍ എടുത്ത് പെരുമാറാൻ കഴിഞ്ഞിട്ടുള്ളൂവെന്ന് മറ്റുചിലർ. തലസ്ഥാന നഗരത്തിലെ പ്രധാന ബാങ്കായ എസ് ബി ഐയുടെ ശാഖയിൽ രാവിലെ മുതൽ സാധാരണ ഗതിയിലുള്ള തിരക്ക് മാത്രമേയുള്ളൂ.
തൊട്ടടുത്ത ട്രഷറിയിലും നോട്ട് മാറാനായി ആരുമെത്തിയിട്ടില്ല. സെപ്‌റ്റംബർ 30 നായിരുന്നു 2000 ന്‍റെ നോട്ടുകൾ മാറാനുള്ള (Rs 2000 Notes Exchange) അവസാന ദിവസം. എന്നാൽ 87 ശതമാനം നോട്ടുകൾ മാത്രമേ തിരിച്ചെത്തിയുള്ളൂ എന്ന് കണ്ട് റിസർവ് ബാങ്ക് സമയം ഒക്‌ടോബർ ഏഴ് വരെ നീട്ടി നൽകുകയായിരുന്നു. കൈവശമുള്ള 2000 രൂപ നോട്ടുകൾ മാറിക്കിട്ടാൻ ബാങ്കിലെ റിക്വസിഷൻ ഫോം പൂരിപ്പിച്ച് നൽകണം. അതാത് ബാങ്കുകളുടെ നടപടി ക്രമങ്ങളും പാലിക്കേണ്ടതുണ്ട് (Rs 2000 Notes Exchange Last Date).
തപാൽ ഓഫിസുകൾ വഴി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആർ ബി ഐയുടെ (Reserve Bank Of India) 19 ഇഷ്യൂ ഓഫിസുകളിലേക്ക് പണമയക്കാനാകും. അഹമ്മദാബാദ്, ബാംഗ്ലൂർ, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡിഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്‌പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്‌പൂർ, ന്യൂഡൽഹി, പട്‌ന, തിരുവനന്തപുരം എന്നിവിടങ്ങളിലെ ആർ ബി ഐ ഓഫിസുകളിൽ നോട്ടുകൾ മാറാനാകും.
തിരിച്ചെത്താനുള്ളത് 12,000 കോടിയുടെ നോട്ടുകൾ : പ്രിന്‍റ് ചെയ്‌ത നോട്ടുകളിൽ ഇനി 12,000 കോടിയുടെ നോട്ടുകളാണ് തിരികെയെത്താനുള്ളത്. സെപ്‌റ്റംബർ 29 വരെ 3.42 ലക്ഷം കോടിയുടെ 2000 ത്തിന്‍റെ നോട്ടുകളായിരുന്നു തിരികെ ലഭിച്ചതെന്ന് ആർ ബി ഐ ഗവർണർ വ്യക്തമാക്കിയിരുന്നു. മെയ് 19 നായിരുന്നു 2000 ത്തിന്‍റെ നോട്ടുകൾ പിൻവലിക്കുന്നതായി ആർ ബി ഐ പ്രഖ്യാപിച്ചത്.
രാജ്യത്തെ വിവിധ ബാങ്കുകളിൽ 20,000 രൂപ വരെ ഇന്ന് ഒറ്റത്തവണയായി മാറാനാകും. 1000, 500 നോട്ടുകളുടെ നിരോധനത്തിന് ശേഷമായിരുന്നു 2000ത്തിന്‍റെ നോട്ട് കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. എന്നാൽ നോട്ടിന് വലിയ സ്വീകാര്യത ലഭിച്ചില്ലെന്ന വാദം പല നേതാക്കളും ഉന്നയിച്ചു. ഇതിന് ശേഷമാണ് 2000ന്‍റെ നോട്ടുകൾ നിരോധിച്ച് തീരുമാനമായത്. ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളാൽ നിശ്ചിത തീയതിക്ക് മുമ്പ് മാറ്റിയെടുക്കാനോ ബാങ്കുകളിൽ നിക്ഷേപിക്കാനോ സാധിച്ചില്ലെങ്കിൽ അതിനുള്ള ബദൽ സംവിധാനങ്ങളൊന്നും ഇതുവരെ റിസർവ് ബാങ്ക് പ്രഖ്യാപിച്ചിട്ടില്ല.