തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മന്ത്രി റോഷി അഗസ്‌റ്റിന്‍ കേന്ദ്രത്തോട്. കേന്ദ്ര ജല കമ്മിഷന്‍ ചെയര്‍മാന്‍ കുശ്‌വിന്ദര്‍ വോറയുമായുള്ള കൂടിക്കാഴ്‌ചയിലാണ് മന്ത്രി ആവശ്യമുന്നയിച്ചത്. തമിഴ്‌നാടിന് കരാര്‍ പ്രകാരം ജലം നല്‍കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണ്. പുതിയ അണക്കെട്ട് നിര്‍മിച്ചാലും കരാര്‍ പ്രകാരം ജലം നല്‍കാന്‍ കേരളം തയാറാണെന്നും റോഷി അഗസ്‌റ്റിന്‍ ജല കമ്മിഷനെ അറിയിച്ചു.
കാലാവധി കഴിഞ്ഞ അണക്കെട്ട് ഡീക്കമ്മിഷന്‍ ചെയ്‌ത് പുതിയ ഡാം നിര്‍മിക്കണം. അതുവഴി ജനങ്ങള്‍ക്കുള്ള ആശങ്ക നീക്കണം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ അവലോകനം ചെയ്യാന്‍ ആവശ്യമായ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിക്കാന്‍ തമിഴ്‌നാടിനോട് കേന്ദ്ര ജല കമ്മിഷന്‍ നിര്‍ദേശിച്ചത് സംസ്ഥാനത്തിന് ഏറെ ആശ്വാസം പകരുന്ന നടപടിയാണ്. ഈ രംഗത്തെ വിദഗ്‌ധരെ കൂടി ഉള്‍പ്പെടുത്തി എത്രയും വേഗം പഠനം പൂര്‍ത്തിയാക്കി പുതിയ ഡാം നിര്‍മിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.