തിരുവനന്തപുരം:സ്‌കൂള്‍ ബാഗിനൊപ്പം നഷ്‌ടപ്പെട്ട ശ്രവണസഹായിക്ക് പകരം പുതിയത് വാങ്ങി നല്‍കി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. രാജാജി നഗർ കോളനിയിൽ നേരിട്ടെത്തിയാണ് മേയർ, ശ്രവണ സഹായി കൈമാറിയത്. കിംസ് ആശുപത്രിയുടെ സഹായത്തോടെയാണ് നഗരസഭ പ്ലസ് വണ്‍ വിദ്യാര്‍ഥിയ്‌ക്ക് കൈത്താങ്ങേകിയത്.
റോഷന് ഇനി വീണ്ടും ലോകത്തെ കേൾക്കാം; പുതിയ ശ്രവണ സഹായി കൈമാറി മേയര്‍ - കിംസ് ആശുപത്രി
സ്‌കൂള്‍ ബാഗിനൊപ്പമാണ് ഒരു ലക്ഷത്തിലേറെ വിലവരുന്ന റോഷന്‍റെ ശ്രവണ സഹായി നഷ്‌ടപ്പെട്ടത്. കേള്‍വി വീണ്ടും നഷ്‌ടപ്പെട്ടതോടെ പ്രതിസന്ധിയിലായ ഈ കൗമാരക്കാരന് സഹയാഹസ്‌തവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്തെത്തുകയായിരുന്നു
സ്‌കൂളിൽ നിന്നും വീട്ടിലേക്ക് പോവുന്ന വഴിയാണ് റോഷന്‍റെ സ്‌കൂൾ ബാഗും അതിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയിലേറെ വിലയുള്ള ശ്രവണസഹായിയും നഷ്‌ടമായത്. ഇക്കാര്യം കൗമാരക്കാരന്‍റെ അമ്മ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇത് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടെങ്കിലും ബാഗ് ഇതുവരെയും കണ്ടെത്താനായിട്ടില്ല. വാർത്ത മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചതോടെയാണ് റോഷന് സഹായഹസ്‌തവുമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്തെത്തിയത്.
റോഷന് ശ്രവണ സഹായി നല്‍കാന്‍ സന്നദ്ധത അറിയിച്ചവർക്ക് മേയർ നന്ദി അറിയിച്ചു. റോഷന്‍റെ ശ്രവണസഹായി നഷ്‌ടപ്പെട്ട വിവരം കൃത്യസമയത്ത് ജനങ്ങളിലേക്കെത്തിച്ച മാധ്യമങ്ങളെയും അവര്‍ പ്രശംസിച്ചു. ജഗതി ബധിര, മൂക വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർഥി റോഷന്‍ പഠനത്തിൽ മിടുക്കനാണ്. നാലുമാസം മുന്‍പാണ് പുനർജനി പദ്ധതിയിലൂടെ ശ്രവണസഹായി ലഭിച്ചത്. ഇത് നഷ്‌ടപ്പെട്ടതോടെ സ്‌കൂളിൽ പോകാനാവാത്ത സ്ഥിതിയിലായിരുന്നു. പുതിയ ശ്രവണ സഹായി ലഭിച്ചതോടെ കേള്‍വികളുടെ ലോകത്തേക്ക് തിരിച്ചെത്തിയിരിക്കയാണ് റോഷൻ.