തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രിയെയും ബന്ധപ്പെടുത്തി ആര്‍ഒസി (രജിസ്ട്രാര്‍ ഓഫ് കമ്പനി) റിപ്പോര്‍ട്ട് (CMRL and Exalogic deal). കെഎസ്‌ഐഡിസി വഴി കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെ തൽപരകക്ഷി ഇടപാടായി സാക്ഷ്യപ്പെടുത്താത്തത് ചട്ടലംഘനമെന്നാണ് ആര്‍ഒസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇത് മുഖ്യമന്ത്രിക്ക് സ്വാധീനമുള്ളതിനാലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .
സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് തൽപരകക്ഷി ഇടപാട് അഥവാ റിലേറ്റഡ് പാര്‍ട്ടി ഇടപാടായി സാക്ഷ്യപ്പെടുത്താത്തതിനെ ചോദ്യം ചെയ്‌താണ് ബെംഗളൂരു ആര്‍ഒസി മുഖ്യമന്ത്രിയെ കുറിച്ച് പരാമര്‍ശിക്കുന്നത്.
വ്യവസായ വകുപ്പിന് കീഴിലെ കെഎസ്‌ഐഡിസിക്ക് 13.4 % ഓഹരിയുള്ള സ്ഥാപനമാണ് സിഎംആര്‍എല്‍.
സിഎംആര്‍എല്‍ ഡയറക്‌ടര്‍ ബോര്‍ഡില്‍ കെഎസ്‌ഐഡിസി പ്രതിനിധിയുമുണ്ട്. എന്നിട്ടും സിഎംആര്‍എല്ലുമായുള്ള ഇടപാട് തൽപരകക്ഷി ഇടപാടായി സാക്ഷ്യപ്പെടുത്താത്തതാണ് ആര്‍ഒസി ചട്ടലംഘനമായി കണ്ടെത്തുന്നത്. മുഖ്യമന്ത്രിക്കോ തനിക്കോ കെഎസ്‌ഐഡിസിയുമായി നേരിട്ട് ബന്ധമില്ലെന്നും കെഎസ്‌ഐഡിസി ബോര്‍ഡ് അംഗങ്ങളാരും തന്‍റെ കുടുംബാംഗങ്ങളല്ലെന്നുമായിരുന്നു വീണയുടെ മറുപടി(ROC Report On Exalogic).
സംസ്ഥാനത്തിന്‍റെ ധാതുസമ്പത്തിന്‍റെ അവകാശിയായ സര്‍ക്കാരിന് സിഎംആര്‍എല്ലിന് മേല്‍ സ്വാധീനമുണ്ട്. മുഖ്യമന്ത്രിക്ക് കെഎസ്‌ഐഡിസിയിലുള്ള സ്വാധീനവും നിയന്ത്രണവും വഴി സിഎംആര്‍എല്ലിലും നിയന്ത്രണമുണ്ടെന്നാണ് ആര്‍ഒസി റിപ്പോര്‍ട്ട്.