തിരുവനന്തപുരം : റോബിൻ ബസിന്‍റെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ് (Robin bus permit cancelled by Department of Motor Vehicles). തുടർച്ചയായ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. മോട്ടോർ വാഹന വകുപ്പ് ജോയിന്‍റ് ട്രാൻസ്‌പോർട് കമ്മിഷണർ കെ മനോജ് കുമാർ ആണ് റോബിൻ ബസിന്‍റെ പെർമിറ്റ് റദ്ദാക്കിയത്. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി (Robin bus All India Tourist Vehicles Permit issue).
ആഗസ്റ്റ് 30ന് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ലഭിച്ച കോൺട്രാക്‌ട് കാര്യേജായ ബസ് സ്റ്റേജ് കാര്യേജായി പ്രവർത്തിച്ചുവരികയായിരുന്നു. ഇതിന് പിന്നാലെ പലതവണ മോട്ടോർ വാഹന വകുപ്പ് റോബിൻ ബസിന് പിഴ (Robin bus fine) ഈടാക്കിയിരുന്നു. പത്തനംതിട്ട - കോയമ്പത്തൂർ റൂട്ടിൽ ബോർഡ് വച്ചായിരുന്നു റോബിൻ ബസ് സർവീസ് നടത്തിയിരുന്നത്.
നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും അതിനാലാണ് നടപടിയെന്നും ഉത്തരവിൽ പറയുന്നു. നേരത്തെ റോബിൻ ബസിനെതിരെ നിയമനടപടി സ്വീകരിച്ച ഉദ്യോഗസ്ഥർക്ക് ഗതാഗത സെക്രട്ടറി വാട്‌സ്‌ആപ്പ് സന്ദേശത്തിലൂടെ പിന്തുണയും അഭിനന്ദനവും അറിയിച്ചിരുന്നു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളുടെ നിലനില്‍പ്പിന് സമാന്തര സര്‍വീസ് തടയണമെന്നും ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമാണ് നടന്നതെന്നും ഇതിന് പിന്നിൽ അന്തർസംസ്ഥാന ബസുകളുടെ ലോബിയാണെന്നും ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ പറഞ്ഞിരുന്നു.
സംസ്ഥാന ബസ് ലോബി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നാലെയാണ് നടപടി. അതേസമയം റോബിൻ ബസിനെ പൂട്ടാൻ കെഎസ്ആർടിസിയും റോബിൻ ബസ് സർവീസ് നടത്തുന്ന അതേ റൂട്ടിൽ പുതിയ എസി ലോ ഫ്ലോർ സർവീസ് ആരംഭിച്ചിരുന്നു.