തിരുവനന്തപുരം: ലോക് ഡൗണിൽ കടുത്ത പ്രതിസന്ധിയിലായി മരാമത്ത് പണികൾ നടത്തുന്ന കരാറുകാർ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ചെറുകിട കരാറുകാർ നേരിടുന്നത് കനത്ത നഷ്‌ടമാണ്. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം ഇവർക്ക് 4,000 കോടിയിലേറെ പണമാണ് ബില്ല് മാറി കിട്ടാനുള്ളത്. സർക്കാർ തങ്ങളെ അവഗണിച്ചെന്നാണ് ഗവൺമെന്‍റ് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷന്‍റെ പരാതി.
ലോക് ഡൗണിൽ കുരുങ്ങി മരാമത്ത് കരാറുകാരും - contractors crisis
സർക്കാർ അവഗണിച്ചെന്ന് ഗവൺമെന്‍റ് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷന്‍
പ്രതീക്ഷിക്കാതെ എത്തിയ ലോക് ഡൗണിൽ അക്ഷരാർഥത്തിൽ തകർന്നത് ചെറുകിട മരാമത്ത് കരാറുകാരാണ്. പകുതിക്ക് നിർത്തേണ്ടിവന്ന നിർമാണങ്ങൾ പലതും വീണ്ടും നടത്തേണ്ടി വരും. സംഭരിച്ച് വെച്ച സിമന്‍റ് കട്ടപിടിച്ചും നഷ്‌ടമുണ്ടാകും. ഇതിനൊപ്പം ലോക് ഡൗണിൽ കുരുങ്ങിയ തൊഴിലാളികളെ സംരക്ഷിക്കേണ്ട ചുമതലയും ഇവരുടെ ബാധ്യതയാകും. റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ മുടങ്ങി. ലോക് ഡൗൺ പിൻവലിച്ചാലും നിർമാണപ്രവൃത്തികൾ പൂർവസ്ഥിതിയിലെത്താൻ ഒരു മാസമെങ്കിലുമെടുക്കും. നിർമാണമേഖലയിലെ നിയന്ത്രണം നീക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്‍റെ അനുകൂല നിലപാടിനായി കാത്തിരിക്കുകയാണ് കേരളം. ഈ പ്രതീക്ഷയിലാണ് കരാറുകാരും.