തിരുവനന്തപുരം:റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ ശിക്ഷ വിധി ഇന്ന് പറയും. തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. കേസിലെ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹും അപ്പുണ്ണിയും കുറ്റക്കാരാണെന്നു കോടതി നേരത്തെ വിധിച്ചിരുന്നു. തെളിവ് നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, മാരകമായി മുറിവേൽപ്പിക്കൽ, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം കേസിലെ നാല് മുതൽ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ തന്നെ വെറുതെ വിട്ടിരുന്നു. കേസിലെ ഒന്നാം പ്രതി ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്‌ദുൽ സത്താറാണ്. ഇയാളാണ് കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയത്. ഇയാളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
2018 മാർച്ച് 27ന് പുലർച്ചെ 2.30നായിരുന്നു കേസിനാസ്‌പദമായ സംഭവം. മടവൂർ ജങ്ഷനിലെ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റെക്കോർഡിങ് സ്റ്റുഡിയോയിൽ വച്ചാണ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ രാജേഷിന്‍റെ സുഹൃത്ത് വെള്ളല്ലൂർ സ്വദേശി കുട്ടന് തോളിനും കൈക്കും വെട്ടേറ്റിരുന്നു.
സ്വകാര്യ ചാനലിൽ റോഡിയോ ജോക്കിയായിരുന്ന രാജേഷിന് 2016 ജൂണിൽ ഖത്തറിൽ ജോലി ലഭിച്ചു. ഇക്കാലയളവിൽ അബ്‌ദുല്‍ സത്താർ എന്ന വ്യക്തിയുടെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ അന്തിമവാദം നടത്തിയത് ജില്ല പ്രോസിക്യൂട്ടർ ഗീനാകുമാരിയാണ്.
കരുനാഗപ്പള്ളി പുത്തൻതെരുവ് കൊച്ചയത്ത് തെക്കതിൽ കെ തൻസീർ, കുരീപ്പുഴ ചേരിയിൽ വള്ളിക്കീഴ് എച്ച്എസ്എസിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന സനു സന്തോഷ്, ഓച്ചിറ മേമന വലിയകുളങ്ങര എംഎ കോർട്ടിൽ എ യാസീൻ, കുണ്ടറ ചെറുമൂട് എൽഎസ് നിലയത്തിൽ സ്‌ഫടികം എന്നു വിളിക്കുന്ന എസ് സ്വാതി സന്തോഷ്, കുണ്ടറ മുളമന കാഞ്ഞിരോട് ചേരിയിൽ മുക്കട പനയംകോട് പുത്തൻവീട്ടിൽ ജെ എബി ജോൺ, അപ്പുണ്ണിയുടെ സഹോദരി ഭർത്താവ് ചെന്നിത്തല മദിച്ചുവട് വീട്ടിൽ സുമിത്ത്, സുമിത്തിന്‍റെ ഭാര്യ ഭാഗ്യശ്രീ, അപ്പുണ്ണിയുടെ കാമുകി എറണാകുളം വെണ്ണല അംബേദ്ക്കർ റോഡ് വട്ടച്ചാനൽ ഹൗസിൽ സിബല്ല ബോണി, സത്താറിന്‍റെ കാമുകി വർക്കല സ്വദേശി ഷിജിന ഷിഹാബ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.