തിരുവനന്തപുരം:കേരള ജന മനസില്‍ ഇടം നേടിയ പൊലീസ് ഉദ്യോഗസ്ഥനും ജയില്‍ മേധാവിയുമായ ഋഷിരാജ് സിങ് വിരമിച്ചു. 1985 ല്‍ 24-ാം വയസില്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായി കേരളത്തിലെത്തിയ സിങ് 36 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് വിരമിക്കുന്നത്.
രാജസ്ഥാന്‍ ബിക്കാനീര്‍ സ്വദേശിയായ ഋഷിരാജ് സിങ് സര്‍വീസ് ജീവിതത്തിന്‍റെ ഭൂരിഭാഗവും കേരളത്തില്‍ തന്നെയായിരുന്നു. സി.ബി.ഐ ജോയിന്റ് ഡയറക്ടറും എസ്.പി.ജി ഡെപ്യൂട്ടി ഡയറക്ടറുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പുനലൂര്‍ എ.എസ്.പിയായി സര്‍വീസില്‍ പ്രവേശിച്ച ഋഷിരാജ് സിങ്, കൊച്ചി ഡി.സി.പി, തിരുവനന്തപുരം, കൊച്ചി കമ്മിഷണര്‍, വിവിധ സോണുകളില്‍ ഐ.ജി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ആന്‍റി പൈറസി സെല്‍ ഐ.ജിയായിരിക്കെ വ്യാജ സി.ഡികള്‍ക്കെതിരെ നടത്തിയ നടപടികള്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്റി. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ രൂപീകരിച്ച മൂന്നംഗ സംഘത്തിലെ അംഗമായിരുന്നു.
കൂടുതല്‍ വായനക്ക്: തടവുകാരെ കോടതിയിൽ ഹാജരാക്കാൻ ഇനി വീഡിയോ കോൺഫറൻസിംഗ്; പരിഷ്കരണത്തിന് ഒരുങ്ങി ജയിൽ വകുപ്പ്
ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, എക്‌സൈസ് കമ്മിഷണര്‍ സ്ഥാനങ്ങളിലും തിളങ്ങി. റിട്ടയര്‍മെന്റിനു ശേഷം കേരളത്തില്‍ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സിങിന് സംസ്ഥാന സര്‍ക്കാര്‍ മറ്റേതെങ്കിലും പദവി നല്‍കുമോ എന്ന് ഉറപ്പില്ല. വിരമിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ ഋഷിരാജ് സിങ് അഭിവാദ്യം സ്വീകരിച്ചു.