'ബിഫോർ ഇറ്റ്സ് ടൂ ലേറ്റ്' ശശി തരൂർ എംപി പ്രകാശനം ചെയ്‌തു തിരുവനന്തപുരം : കുട്ടികളിൽ ഉയർന്നുവരുന്ന ലഹരി ഉപയോഗത്തിൻ്റെ കാരണങ്ങൾ പറയുന്ന, മുൻ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങിന്‍റെ ‘വൈകും മുൻപേ’ എന്ന പുസ്‌തകത്തിന്‍റെ ഇംഗ്ലീഷ് പതിപ്പ് 'ബിഫോർ ഇറ്റ്സ് ടൂ ലേറ്റ്' ശശി തരൂർ എംപി പ്രകാശനം ചെയ്‌തു. പുസ്‌തകത്തിൽ വിദ്യാർഥികളുടെ ജീവിതത്തിലേക്ക് എങ്ങനെയാണ് ലഹരി കടന്നുവരുന്നതെന്നും രക്ഷിതാക്കൾക്ക് അതിലുള്ള പങ്കുമാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ശശി തരൂർ എംപി പ്രകാശനം ചെയ്‌തു.
പരീക്ഷ എഴുതുന്ന മെഷീനുകളെയല്ല നല്ല മനുഷ്യരെയാണ് സ്‌കൂളുകളിലൂടെ വാർത്തെടുക്കേണ്ടതെന്ന് രക്ഷിതാക്കൾ ഓർക്കണമെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. പുസ്‌തകം വെറുമൊരു ഹോംവർക്ക് ചെയ്യാനുള്ള ഉപാധി മാത്രമല്ല. അത് സന്തോഷത്തിൻ്റെ ഉറവിടം കൂടിയാണെന്ന് വിദ്യാർഥികൾ മനസിലാക്കണം.
ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്‍റെ കാരണങ്ങളെക്കുറിച്ചും എക്സൈസ് കമ്മിഷണർ തന്നെ പറയുന്നത് ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കും. പുസ്‌തകത്തിൽ പറയുന്നതുപോലെ ലഹരി ഉപയോഗത്തിന് ഒരു കാരണം രക്ഷിതാക്കളാണെന്നും ശശി തരൂർ എംപി പറഞ്ഞു.
വിദ്യാർഥികളുടെ മേൽ രക്ഷിതാക്കൾ കൂടുതലായി പഠനത്തിന്‍റെ സമ്മർദം ചെലുത്തുന്നതും ലഹരി ഉപയോഗത്തിലേക്ക് വിദ്യാർഥികൾ വഴി തിരിയാൻ ഒരു കാരണമാണ്. സമ്മർദങ്ങളിൽ നിന്ന് വിനോദത്തിനായി അവർ ലഹരിയിലേക്ക് പോകുന്നുവെന്ന് പുസ്‌തകം ചൂണ്ടിക്കാട്ടുന്നുണ്ട്. എപ്പോഴും വിദ്യാർഥികളോട് പഠനത്തെക്കുറിച്ച് മാത്രം പറഞ്ഞ് സമ്മർദത്തിലാക്കരുത്.
അവരുടെ മറ്റ് കഴിവുകളെ പ്രോത്സാഹിപ്പിക്കണമെന്ന ആശയവും പുസ്‌തകം ചർച്ച ചെയ്യുന്നു.എ പ്ലസ് നേടുന്നതോ പഠനത്തിൽ മുന്നിടുന്നതോ മാത്രമല്ല ജീവിതത്തിൽ പ്രധാനം. മറ്റ് തലങ്ങളിലും ഒരാള്‍ക്ക് വിജയിക്കാൻ കഴിയും. ലഹരിയിൽ നിന്ന് പുതിയ തലമുറയെ രക്ഷിക്കാൻ അവരുടെ മേൽ പലവിധ സമ്മർദങ്ങള്‍ ചെലുത്താതിരിക്കുകയെന്നത് പ്രധാനമാണെന്നും പുസ്‌തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ലഹരി ഉപയോഗത്തിന്‍റെ കാരണങ്ങൾക്ക് പുറമെ കരിയർ ഗൈഡൻസ് വിഷയങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. നോൺ പ്രൊഫഷണൽ കോഴ്‌സുകളുടെ പ്രധാന്യവും അവയേതെല്ലാം ,ലഭ്യമാകുന്ന ഇടങ്ങൾ ഏതൊക്കെ എന്നിവയും പുസ്‌തകത്തിലുണ്ട്.
പ്രിസം പബ്ലിക്കേഷൻസാണ് പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 350 രൂപയാണ് വില. പ്രകാശന ചടങ്ങിൽ ചീഫ് സെക്രട്ടറി വിപി ജോയ് ഐഎഎസ് അധ്യക്ഷത വഹിച്ചു.