കേരളം

kerala

ETV Bharat / state

Speed Limit | കാറുകൾക്ക് വേഗം കൂടും, ഇരുചക്രവാഹനങ്ങൾ ഗോ സ്ലോ...! പുതുക്കിയ വേഗപരിധി നാളെ മുതല്‍ - വാഹനങ്ങളുടെ വേഗപരിധി

എഐ കാമറകൾ പ്രവർത്തനസജ്ജമായ സാഹചര്യത്തിലാണ് സംസ്ഥാനത്തെ വാഹനങ്ങളുടെ വേഗപരിധി പുതുക്കിയത്. ദേശീയ വിജ്ഞാപനത്തിന് അനുസരിച്ചാണ് വേഗപരിധി പുതുക്കിയത്

Revised vehicle speed limit Kerala  speed limit Kerala  Speed Limit  വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി  വേഗപരിധി  എഐ കാമറകൾ  വാഹനങ്ങളുടെ വേഗപരിധി  സംസ്ഥാനത്തെ വാഹനങ്ങളുടെ വേഗപരിധി
Revised vehicle speed limit Kerala

By

Published : Jun 30, 2023, 10:32 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ (01-07-2023)മുതൽ പ്രാബല്യത്തിൽ വരും. എഐ കാമറകൾ പ്രവർത്തനസജ്ജമായ സാഹചര്യത്തിലാണ് വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിന് അനുസരിച്ച് പുതുക്കാൻ ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ ജൂൺ 14ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. പുതുക്കിയ വേഗപരിധി അനുസരിച്ച് ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറച്ചു.

റോഡപകടങ്ങൾ കൂടുതലും ഉണ്ടാകുന്നത് ഇരുചക്ര വാഹനങ്ങൾ മൂലമാണ്. ഈ സാഹചര്യത്തിലാണ് ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറയ്ക്കാൻ തീരുമാനിച്ചത്. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും വേഗപരിധി നിലവിലുള്ള 50 കിലോമീററ്ററായി തന്നെ നിലനിർത്താനാണ് തീരുമാനം.

വാഹനങ്ങളുടെ വേഗപരിധി ഇങ്ങനെ...

ഒന്‍പത് സീറ്റുവരെയുള്ള വാഹനങ്ങള്‍: ആറ് വരി ദേശീയപാത-110 കിലോമീറ്റര്‍, നാല് വരി ദേശീയ പാത-100 കി.മീ (മുന്‍പ് 90 മണിക്കൂറില്‍ കിലോമീറ്റര്‍ ആയിരുന്നു ഇത്). മറ്റുള്ള ദേശീയപാത, എംസി റോഡ്, സംസ്ഥാനപാത നാലുവരിപാത എന്നിവയില്‍ 90 കിലോമീറ്റര്‍ ആണ് പുതുക്കിയ വേഗപരിധി (നേരത്തെ 85 കിലോ മീറ്റര്‍ ആയിരുന്നിത്). മറ്റുള്ള സംസ്ഥാനപാതകളിലും പ്രധാന ജില്ല റോഡുകളിലും മുന്‍പുണ്ടായിരുന്ന പരമാവധി 80 കിലോമീറ്റർ വേഗതയില്‍ തന്നെ വാഹനങ്ങള്‍ ഓടിക്കാം.

മറ്റ് റോഡുകളിൽ പഴയ വേഗപരിധിയായ മണിക്കൂറില്‍ 70 കിലോമീറ്റർ തുടരും. നഗര റോഡുകളിലും മുന്‍പത്തേതുപോലെ 50 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം.

ഒന്‍പത് സീറ്റിന് മുകളിലുള്ള ലൈറ്റ്, മീഡിയം ഹെവി മോട്ടോര്‍ വാഹനങ്ങള്‍: ആറുവരി ദേശീയപാതയില്‍ മണിക്കൂറില്‍ 96 കിലോമീറ്റര്‍ ആണ് വേഗത. നാലുവരി ദേശീയപാതയില്‍ 90 കിലോമീറ്റര്‍ വേഗത (നേരത്തെ ഇവ മണിക്കൂറില്‍ 70 കിലോമീറ്റര്‍ ആയിരുന്നു). മറ്റ് ദേശീയപാത, എംസി റോഡ്, നാലുവരി സംസ്ഥാനപാത എന്നിവയില്‍ 85 കിലോമീറ്റര്‍ (65 കിലോമീറ്റര്‍ ആയിരുന്നു പഴയ വേഗപരിധി).

മറ്റ് സംസ്ഥാന പാതകളിലും പ്രധാന ജില്ല റോഡുകളിലും ഉണ്ടായിരുന്ന മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗം മാറ്റി 80 കിലോമീറ്റര്‍ ആക്കി. മറ്റുറോഡുകളില്‍ 70 കിലോമീറ്ററും (മുന്‍പ് 60 കി.മീ ആയിരുന്നു) നഗര റോഡുകളില്‍ പഴയ പോലെ 50 കിലോമീറ്റര്‍ വേഗപരിധി തന്നെ തുടരും.

ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾ: ആറുവരി, നാലുവരി ദേശീയ പാതകളില്‍ ജൂലൈ ഒന്ന് മുതൽ 80 കിലോമീറ്റർ ആണ് പരമാവധി വേഗം. നേരത്തെ 70 കി.മീ ആയിരുന്നു. ദേശീയ പാതയുടെ മറ്റു റോഡുകളിലും സംസ്ഥാന പാതകളിലും വേഗപരിധി 70 കി.മീ ആക്കി ഉയര്‍ത്തി (പഴയ വേഗപരിധി 65 കി.മീ). മറ്റ് സംസ്ഥാന പാതകളിലെയും പ്രധാന ജില്ല റോഡുകളിലെയും വേഗപരിധി 60ല്‍ നിന്നും 65 കി.മീ ആക്കിയിട്ടുണ്ട്.

മറ്റുള്ള റോഡുകളില്‍ പഴയ വേഗപരിധിയായ 60 കി.മീയില്‍ തന്നെ തുടരും. നഗര റോഡുകളിലും പഴയ 50 കിലോമീറ്റര്‍ വേഗപരിധി തുടരും. 2014-ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്.

ABOUT THE AUTHOR

...view details