തിരുവനന്തപുരം: കേരളത്തിലുണ്ടായ കൊവിഡ് മരണങ്ങളുടെ പട്ടിക പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഔദ്യോഗിക പട്ടികയില്‍ ഒഴിവാക്കപ്പെട്ട കൊവിഡ് മരണങ്ങളുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ ഡിഎംഒമാര്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി.
വീട്ടില്‍വച്ചുണ്ടായ കൊവിഡ് മരണങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇത് സംബന്ധിച്ച് കൃത്യമായ പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം. സുപ്രീം കോടതി നിര്‍ദേശ പ്രകാരം നഷ്ടപരിഹാരത്തിന് സാധ്യത തെളിഞ്ഞതോടെയാണ് സര്‍ക്കാരിന്‍റെ കൊവിഡ് മരണപ്പട്ടിക സംബന്ധിച്ച് പരാതി ഉയര്‍ന്നത്.
മരണസംഖ്യ മറച്ചുവയ്ക്കുന്നുവെന്ന് വിമര്‍ശനം
സര്‍ക്കാര്‍ മരണസംഖ്യ മറച്ചു വയ്ക്കുകയാണെന്നും ഇതുമൂലം പലര്‍ക്കും ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്ന അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചിരുന്നു. മരണസംഖ്യ മറച്ചുവയ്ക്കുന്നുവെന്ന വിമര്‍ശനം വ്യാപകമായതോടെയാണ് പുനഃപരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
ജനങ്ങള്‍ക്ക് ലഭിക്കുന്ന സഹായം നഷ്ടമാകുന്ന ഒരു നടപടിയും സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വേഗത്തിലാക്കാനുള്ള നടപടികളും ഇന്നു മുതല്‍ (ജൂലൈ 3) ആരംഭിച്ചു കഴിഞ്ഞു.
കൊവിഡ് മരണങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം
ഇന്ന് മുതലുള്ള കൊവിഡ് മരണങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്യണം. ആശുപത്രികള്‍ ആരോഗ്യവകുപ്പിലേയ്ക്ക് കൈമാറുന്ന രോഗവിവരം സംബന്ധിക്കുന്ന മെഡിക്കല്‍ ബുളളറ്റിനില്‍ കൊവിഡ് പോസിറ്റീവ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ കൊവിഡ് മരണമായി കണക്കാക്കി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.
ഇനി ആശുപത്രികള്‍ 24 മണിക്കൂറിനകം ജില്ലാ മെഡിക്കല്‍ ഓഫീസിലും ജില്ലകള്‍ 48 മണിക്കൂറിനകം സംസ്ഥാന ആരോഗ്യവകുപ്പിനേയും മരണവിവരം അറിയിക്കണം. ബന്ധുക്കള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടാനും പരാതിയുന്നയിക്കാനും വരും ദിവസങ്ങളില്‍ സംവിധാനമൊരുക്കാനും ആരോഗ്യ വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. ഡിസംബറോടെ നിര്‍ത്തലാക്കിയ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതും ഇന്നു മുതല്‍ പുനഃരാരംഭിക്കും.