തിരുവനന്തപുരം :നെയ്യാറ്റിൻകര പൂവാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച റിട്ടയേർഡ് സൈനികൻ അറസ്‌റ്റിൽ. പൂവാർ സ്വദേശി ഷാജിയാണ് പിടിയിലായത്. 12 ഉം 10 ഉം വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തിട്ടുള്ളത്.
കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സ്‌കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിൽ ആയിരുന്നു സംഭവം പുറത്തുവന്നത്. കഴിഞ്ഞ മെയ് മാസത്തിൽ ആയിരുന്നു കേസിനാസ്‌പദമായ സംഭവം. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് പ്രതി ഇവരുടെ വീട്ടിലെത്തി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇയാളെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
തിരുവല്ല കൊലപാതകം :കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട പരുമലയില്‍ കുടുംബവഴക്കിന്‍റെ പേരിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബവഴക്കിന്‍റെ പേരിലായിരുന്നു കൊലപാതകം. പുളിക്കീഴ് പരുമല ആശാരിപ്പറമ്പിൽ അനിൽകുമാർ (51) ആണ് മാതാപിതാക്കളായ കൃഷ്‌ണൻ കുട്ടി (76), ശാരദ (73) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ അനിൽ കുമാറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
കൊലപാതകം ആസൂത്രിതമാണെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. അനിൽ ഭാര്യയുമായി അകന്നാണ് താമസം. അതിനാൽ തന്‍റെ കുടുംബം തകർത്തത് മാതാപിതാക്കളാണെന്ന വൈരാഗ്യത്തിലാണ് അനിൽ കൊലപാതകം നടത്തിയിട്ടുള്ളത്. 14 വർഷം മുൻപ് വിവാഹിതനായ അനിൽ ഒരു മാസം മാത്രമാണ് ഭാര്യയുമായി ഒരുമിച്ച് താമസിച്ചിട്ടുള്ളത്. പിന്നീട് മറ്റൊരു വിവാഹം നടത്താമെന്ന് മാതാപിതാക്കൾ പറഞ്ഞെങ്കിലും നടന്നില്ല. പിന്നാലെ കുടുംബവുമായി സ്ഥിരമായി വാക്കുതർക്കത്തിലേർപ്പെടുകയും കയ്യാങ്കളി ഉണ്ടാവുകയും ചെയ്‌തിട്ടുണ്ട്. ഇതിന് പിന്നാലെ അഞ്ചുമാസം മുന്‍പേ ആയുധം വാങ്ങി സൂക്ഷിച്ച് മാതാപിതാക്കളെ കൊലപ്പെടുത്താൻ അനിൽ ആസൂത്രണം ചെയ്‌തിരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.