തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്‍റെ ശ്രമം സമരക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷം. നിര്‍മാണത്തിന് ആവശ്യമായ കല്ലുമായെത്തിയ അഞ്ച് ടോറസ് ലോറികള്‍ സമരക്കാര്‍ തടഞ്ഞിട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. സമരക്കാരെ പിരിച്ചുവിടാന്‍ വന്‍ പൊലീസ് സംഘം രംഗത്തെത്തിയെങ്കിലും സമരക്കാര്‍ പൊലീസിനെയും സംഭവ സ്ഥലത്തേക്ക് കടത്തിവിടാന്‍ തയ്യാറായില്ല.
സ്‌ത്രീകളും കുട്ടികളുമടക്കം ആയിരത്തിലധികം പ്രദേശവാസികള്‍ സംഘടിച്ചതോടെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാകാതെ പെലീസിന് കാഴ്‌ചക്കാരായി നില്‍ക്കേണ്ടി വന്നു. നാട്ടുകാര്‍ റോഡില്‍ കിടന്നാണ് ലോറികള്‍ തടഞ്ഞത്. ഏതാണ്ട് മൂന്നു മാസത്തിലേറെയായി തുടരുന്ന വിഴിഞ്ഞം സമരത്തെ സര്‍ക്കാര്‍ ഏതാണ്ട് അവഗണിച്ച മട്ടിലാണെങ്കിലും സമരത്തില്‍ നിന്ന് പിന്‍മാറാന്‍ തദ്ദേശവാസികള്‍ തയ്യാറായിട്ടില്ല.
നിര്‍മാണം തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നു മുതല്‍ നിര്‍മാണം പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് അഞ്ചിലേറെ ടോറസ് ലോറികള്‍ കല്ലുമായി തുറമുഖ നിര്‍മാണ പ്രദേശത്തേക്ക് എത്തിയത്. ഇതോടെ സമരക്കാര്‍ ലോറികള്‍ തടഞ്ഞിട്ടു.