തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വാഹന ഘടകങ്ങൾ (സ്പെയർപാർട്‌സ്) വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും (ksrtc spare parts Restriction). സ്പെയർപാർട്‌സ് വാങ്ങുന്നതിനുള്ള ദീർഘകാല കരാറുകൾ പുനഃപരിശോധിക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനിച്ചു. വാഹനത്തിന് ആവശ്യമില്ലാത്ത ഘടകങ്ങൾ ഇപ്പോഴും വാങ്ങുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.
മൂന്ന് മാസത്തേക്കുള്ള സ്പെയർപാർട്‌സ് മാത്രമാകും ഇനി വാങ്ങുക. മാത്രമല്ല സ്പെയർപാർട്‌സ് വിതരണം സുതാര്യമാക്കാൻ കേന്ദ്രീകൃത സോഫ്റ്റ്‌വെയർ സജ്ജീകരിക്കും. മാത്രമല്ല ഡിപ്പോകളിലെ വരവും ചെലവും കൃത്യമായി ചീഫ് ഓഫീസിൽ അറിയിക്കുന്നതിനും സംവിധാനം ഒരുക്കാനും തീരുമാനമായി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
നിയമന നിരോധനം തുടരുമെന്നും വിരമിക്കുന്ന മിനിസ്റ്റീരിയൽ സ്റ്റാഫുകൾക്ക് പകരം പുതിയ നിയമനം ഉണ്ടാകില്ലെന്നും പറഞ്ഞു. കെഎസ്ആർടിസിയുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് സിഎംഡി ബിജു പ്രഭാകർ സമഗ്രമായ റിപ്പോർട്ട് സമർപ്പിച്ചു. മാത്രമല്ല ചിലകാര്യങ്ങളിൽ മന്ത്രി ഉദ്യോഗസ്ഥരോട് നേരിട്ട് വിശദീകരണം തേടുകയും ചെയ്‌തു. നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശം നൽകി.
ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ്: കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിനായി വാങ്ങിയ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസ് ജനുവരി അവസാന വാരത്തോടെ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ. രണ്ട് ബസുകൾക്കാണ് കെഎസ്ആർടിസി ഓർഡർ നൽകിയത്. ഇതിൽ ഒരു ബസ് ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തിച്ചു.