തിരുവനന്തപുരം:സര്‍ക്കാറില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന്കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവില്‍ പീഡനത്തിനിരയായ യുവതി. മെഡിക്കല്‍ കോളജിലെ പീഡനം സംബന്ധിച്ച് പരിശോധന നടത്തിയ ഗൈനക്കോളി വിഭാഗത്തിലെ ഡോക്‌ടര്‍ പ്രീതിക്കെതിരെയുള്ള പരാതിയില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ തലസ്ഥാനത്തെത്തിയ യുവതി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കേസ് അട്ടിമറിക്കാനുളള ശ്രമമാണ് ആരോഗ്യ വകുപ്പിന്‍റെ ഭാഗത്ത് നിന്നും നടക്കുന്നതെന്നും അതിജീവിത.
കേസിലെ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച അഞ്ച് ജീവനക്കാരെ തിരിച്ചെടുത്ത മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഇ.വി ഗോപിക്കെതിരെയും താന്‍ നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പിന്‍റെ ഭാഗത്ത് നിന്നും യാതൊരു വിധ നടപടിയും ഉണ്ടായില്ലെന്ന് യുവതി. പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചത് കൂടാതെ ഒരു വിഭാഗം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും യുവതി പറഞ്ഞു.
ഇതിന്‍റെ ഭാഗമായാണ് എനിക്ക് അനുകൂല മൊഴി നല്‍കിയവരെ ഭീഷണിപ്പെടുത്തുന്നതെന്നും അവരെ നിരന്തരം മൊഴിയെടുക്കാന്‍ വിളിച്ച് വരുത്തുന്നതെന്നും യുവതി പറഞ്ഞു. നിലവില്‍ ചികിത്സ തേടി പോലും മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. വിഷയത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയേയും ആരോഗ്യ മന്ത്രിയേയും കാണാനെത്തിയതെന്നും യുവതി പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിയെ കാണുന്നതിന് അനുമതി ലഭിച്ചിട്ടില്ല. സര്‍ക്കാറില്‍ നിന്ന് നീതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ച ശേഷം മാത്രമെ മടങ്ങുകയുള്ളൂവെന്നും യുവതി വ്യക്തമാക്കി. പൊലീസ് അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഇക്കാര്യത്തില്‍ തനിക്ക് പരാതിയില്ലെന്നും യുവതി വ്യക്തമാക്കി.