തിരുവനന്തപുരം :ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുകയും അടുത്തിടപഴകുകയും ചെയ്യുന്നു എന്ന കാരണത്താൽ തിരുവനന്തപുരം സിഇടി എൻജിനീയറിങ് കോളജിന് മുന്നിലെ കാത്തിരിപ്പുകേന്ദ്രം പൊളിച്ചുപണിതത് വിവാദത്തില്‍. നിരന്നിരിക്കാവുന്ന ബഞ്ചിൻ്റെ രൂപത്തിലുള്ള ഇരിപ്പിടം മുറിച്ച് വെവ്വേറെ കസേരകളാക്കിയാണ് സ്ഥാപിച്ചത്.
ഇരിപ്പിടം മുറിച്ചത് സദാചാരവാദികളെന്ന് സിഇടി വിദ്യാര്‍ഥികള്‍ ; ഇരിപ്പല്ല കിടപ്പാണെന്ന് അധിക്ഷേപവുമായി റസിഡന്‍സ് അസോസിയേഷന്‍
സിഇടി എൻജിനീയറിങ് കോളജിനുമുന്നിലെ കാത്തിരിപ്പുകേന്ദ്രമാണ് ശ്രീകൃഷ്ണ നഗർ റസിഡൻസ് അസോസിയേഷന്‍ പുതുക്കി പണിഞ്ഞത്. കൊവിഡില്‍ സാമൂഹ്യ അകലം പാലിക്കാനുള്ള മാര്‍ഗമായാണ് ഇരിപ്പിടം മാറ്റി പണിതതെന്നാണ് വിശദീകരണം
പ്രദേശത്തെ ശ്രീകൃഷ്ണ നഗർ റസിഡൻസ് അസോസിയേഷനാണ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുപണിതത്. ഇതിൽ പ്രതിഷേധിച്ച് ആണ്‍കുട്ടികളും പെണ്‍കുട്ടികളും,ഇരിപ്പിടങ്ങളിൽ മടിയിലിരുന്ന് ഫോട്ടോയെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ശ്രദ്ധനേടിയിരുന്നു. ഇവിടെ വിദ്യാര്‍ഥികള്‍ ഒന്നിച്ചിരിക്കാറുണ്ടെന്നും, സദാചാര വാദികളാണ് കാത്തിരിപ്പ് കേന്ദ്രം ഇത്തരത്തില്‍ മാറ്റിയത് എന്നുമാണ് വിദ്യാര്‍ഥികളുടെ ആരോപണം.
എന്നാല്‍ കാത്തിരിപ്പ് കേന്ദ്രത്തില്‍ കുട്ടികളെന്ന വ്യാജേന പലരും എത്താറുണ്ടെന്നും ഇവിടെ 'ഇരിപ്പല്ല കിടപ്പാണ്' എന്നുമാണ് അസോസിയേഷന്‍ ഭാരവാഹിയും ബിജെപി സ്റ്റേറ്റ് കമ്മിറ്റി മെമ്പറുമായ ചെറുവക്കല്‍ ജയന്‍റെ ആരോപണം. അസോസിയേഷന്‍ തീരുമാനമാണ് നടപ്പാക്കിയത്. അതില്‍ രാഷ്ട്രീയമോ സാദാചാരമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് നിയന്ത്രണങ്ങളുടെ കൂടി ഭാഗമായി സാമൂഹ്യ അകലം പാലിക്കാനുള്ള മാര്‍ഗമായാണ് ഇരിപ്പിടം മാറ്റി പണിതതെന്ന വിചിത്ര വാദവും ഇദ്ദേഹം ഉന്നയിച്ചു.