തിരുവനന്തപുരം : ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് നേടി നാടിനെ സേവിക്കണം. അതായിരുന്നു ലക്ഷ്യം. സിവിൽ സർവീസിൽ 256-ാം റാങ്കുകാരി രേഷ്‌മ പറയുന്നു. കുട്ടിക്കാലം മുതലുള്ള സിവിൽ സർവീസ് മോഹം സഫലമായതിന്‍റെ സന്തോഷത്തിലാണ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ ഈ മിടുക്കി.
ALSO READ:കൈപ്പിടിയിലാകാതെ മൂന്നുതവണ, തളരാതെ പൊരുതി സിവിൽ സർവീസ് നേടി അശ്വതി
നെയ്യാറ്റിൻകര മിന്നാരത്തിൽ അധ്യാപകനായ ഡോക്‌ടർ ലീഡ്‌സൺ രാജിന്‍റെയും കെഎസ്ഇബി ജീവനക്കാരി അജിതയുടെയും മൂത്തമകളാണ് രേഷ്‌മ എ.എൽ. പലരുടെയും സ്വപ്‌നമായ സിവിൽ സർവീസിൽ റാങ്ക് നേടിയതോടെ രേഷ്‌മ നാട്ടുകാരുടെയും കണ്ണിലുണ്ണിയായി.
സിവിൽ സർവീസ് തിളക്കത്തിൽ രേഷ്‌മ നെയ്യാറ്റിൻകരയിലെ ആദ്യത്തെ സിവിൽ സർവീസ് ജേതാവായ ഹരിത വി. കുമാർ പഠിച്ച ഗവൺമെന്‍റ് ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ തന്നെ വിദ്യാർഥിയായിരുന്നു രേഷ്‌മ. ഇത് സ്‌കൂൾ അധികൃതരെ സംബന്ധിച്ച് ഇരട്ടിമധുരം.
മാർ ഇവാനിയോസിലെ ബി.എ ലിറ്ററേച്ചർ പഠനത്തിനുശേഷം ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ മാസ്റ്റർ ബിരുദം നേടിയ രേഷ്‌മ നാലാം ശ്രമത്തിലാണ് സിവില്‍ സര്‍വീസ് ലക്ഷ്യം കൈവരിച്ചത്. മുന്നിലുള്ള പരാജയങ്ങളും തടസങ്ങളും സ്വപ്‌നസാക്ഷാത്‌കാരത്തിന് ഒരിക്കലും വിലങ്ങുതടിയല്ലെന്ന് ഈ മിടുക്കി തന്‍റെ നേട്ടത്തിലൂടെ സമൂഹത്തോട് പറയുന്നു.