തിരുവനന്തപുരം: വയനാട്ടില്‍ കഴിഞ്ഞ വര്‍ഷം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസ പാക്കേജ് കൈമാറി മുഖ്യമന്ത്രി പിണറായി വിജയൻ. പാക്കേജിൻ്റെ ഭാഗമായി 3,94,000 രൂപയുടെ ചെക്കും കൈമാറി. നിയമസഭ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ വച്ചായിരുന്നു പാക്കേജ് കൈമാറിയത്.
പുനരധിവാസ പദ്ധതിയുടെ ഭാഗമായി ലൈഫ് പദ്ധതിയില്‍ പെടുത്തി എറണാകുളം ജില്ലയില്‍ സ്വന്തമായി വീട് നിര്‍മിച്ചു നല്‍കുന്നതുവരെ താമസിക്കാനായി വാടകയ്ക്ക് എടുത്ത വീടിന്‍റെ താക്കോലും മുഖ്യമന്ത്രി കൈമാറി. സായുധസമരം ഉപേക്ഷിച്ച് കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിനെ പുനരധിവസിപ്പിക്കുന്നതിന് വീടും തൊഴിലവസരങ്ങളും സ്റ്റൈപ്പെന്‍റും മറ്റ് ജീവനോപാധികളും നല്‍കാന്‍ വയനാട് ജില്ല കലക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല പുനരധിവാസ സമിതി ശുപാര്‍ശ ചെയ്‌തിരുന്നു. ഇതനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നാണ് നടപടി.
വയനാട് ജില്ല പൊലീസ് മേധാവി മുന്‍പാകെ കഴിഞ്ഞ വര്‍ഷം കീഴടങ്ങിയ ലിജേഷ് കര്‍ണാടക വിരാജ് പേട്ട ഇന്ദിരാനഗര്‍ സ്വദേശിയാണ്. വീടും സ്റ്റൈപ്പെന്‍റും കൂടാതെ തുടര്‍പഠനത്തിനായി 15,000 രൂപയുടെ ധനസഹായവും ലിജേഷിന് ലഭിക്കും. ജീവിതമാര്‍ഗം കണ്ടെത്തുന്നതിനായി ഗവണ്‍മെന്‍റ് ഐ.ടി.ഐകളിലോ മറ്റ് സ്ഥാപനങ്ങളിലോ പഠനം നടത്താന്‍ സഹായം നല്‍കും.