തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനേറ്റ തിരിച്ചടി ഒരു മുന്നറിയിപ്പായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിലയിരുത്തുന്നതായി കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഇത് തിരിച്ചറിഞ്ഞുള്ള തിരുത്തല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ തിരുത്തല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും: താരിഖ് അന്‍വര്‍
കേരളത്തിന്‍റെ സംഘടനാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഉടന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് നല്‍കുമെന്നും താരിഖ് അന്‍വര്‍
നിര്‍ജീവമായ ഡി.സി.സി, ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ക്ക് മാറ്റമുണ്ടാകുമെന്നും കേരളത്തിന്‍റെ സംഘടനാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഉടന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസിലെ നേതൃമാറ്റം സംബന്ധിച്ച കാര്യം തികച്ചും കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യമാണ്. ഇക്കാര്യത്തില്‍ ഘടകകക്ഷികള്‍ അഭിപ്രായം പറയേണ്ടതില്ല. ഘടകകക്ഷി നേതാക്കളും കോണ്‍ഗ്രസിന്‍റെ വിവിധ നേതാക്കളും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ കണക്കിലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കളാരും പരസ്യ പ്രസ്‌താവനകള്‍ നടത്തരുതെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടു വരുമോ എന്ന ചോദ്യത്തിന് സോണിയാ ഗാന്ധിക്ക് നല്‍കുന്ന റിപ്പോര്‍ട്ടില്‍ എല്ലാമുണ്ടാകുമെന്നായിരുന്നു താരിഖ് അന്‍വറിന്‍റെ മറുപടി.