തിരുവനന്തപുരം: കോട്ടയം ജില്ല ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് യുവതിയില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പിടിയില്‍.(Youth Congress state secretary Arvind Vettikal recruitment fraud) പത്തനം തിട്ട സ്വദേശി അരവിന്ദ് വെട്ടിക്കൽ (29) ആണ് ആരോഗ്യവകുപ്പിന്‍റെ പേരില്‍ നിയമനത്തട്ടിപ്പ് നടത്തിയത്. പ്രതിയെ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കസ്റ്റഡിയിലെടുത്തു.
തട്ടിയെടുത്തത് അര ലക്ഷം രൂപ: ആരോഗ്യ വകുപ്പ് ഡയറക്‌ടറുടെ പരാതിയിലാണ് അരവിന്ദിനെതിരെ പൊലീസ് കേസെടുത്തത്. ആലപ്പുഴ ചിങ്ങോലി സ്വദേശിനിയായ യുവതിയിൽ നിന്ന് കോട്ടയം ജില്ല ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് തസ്‌തികയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പ്രതി അര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
തട്ടിപ്പ് ആരോഗ്യവകുപ്പിന്‍റെ വ്യാജ സീൽ വച്ച്: ആരോഗ്യവകുപ്പിന്‍റെ വ്യാജ സീലും ലെറ്റര്‍ഹെഡും നിര്‍മ്മിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സെക്ഷന്‍ ഓഫീസര്‍ എന്ന വ്യാജേന ഒപ്പിട്ട് നിയമന ഉത്തരവും ഇയാള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ജനുവരി 17ന് ജോലിക്കു ഹാജരാകണമെന്ന് കാണിച്ച് യുവതിക്ക് കത്തും കൈമാറി. തുടര്‍ന്ന് ജോലിക്ക് എത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം യുവതി അറിഞ്ഞത്.