തിരുവനന്തപുരം:പുതുതായി 520 ഡീസൽ ബസുകളും 500 ഇലക്ട്രിക് ബസുകളും വാങ്ങാനൊരുങ്ങി കെഎസ്ആർടിസി. ഇതിനായി കരാർ വിളിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 814 കോടി രൂപയുടെ കിഫ്‌ബി വായ്‌പ ലഭ്യമായ സാഹചര്യത്തിലാണ് പുതുതായി ബസുകൾ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചത്.
2017ൽ ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് തീരുമാനിച്ച കിഫ്ബി സഹായത്തോടെയുള്ള ഈ പദ്ധതി, തിരിച്ചടവിൽ വ്യക്തതയില്ലാത്തതിനെ തുടർന്ന് അനന്തമായി നീളുകയായിരുന്നു. ബസ് വാങ്ങൽ പദ്ധതിയുടെ വായ്‌പ തിരിച്ചടവ് സർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു ഗതാഗതവകുപ്പ്, ധനവകുപ്പിന് മുന്നിൽവച്ച നിർദേശം. ഇത് ധനവകുപ്പ് എതിർക്കുകയായിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തിരിച്ചടവ് സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കിഫ്‌ബി വഴി വായ്‌പ: പുതിയ ബസുകൾ വാങ്ങാൻ 814 കോടി രൂപ കിഫ്‌ബി വഴി വായ്‌പ ലഭ്യമാകും. കെഎസ്ആർടിസി സ്വിഫ്റ്റിനാണ് വായ്‌പ അനുവദിക്കുന്നത്. അതേസമയം, ബസ് വാങ്ങുന്നതിന് കെഎസ്ആർടിസിക്ക് ബജറ്റിൽ വകയിരുത്തുന്ന 75 കോടി തിരിച്ചുപിടിക്കുമെന്നും ധനവകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ തീരുമാനം ഗതാഗത വകുപ്പും അംഗീകരിച്ചിട്ടുണ്ട്.
പുതുതായി വാങ്ങുന്ന 520 ഡീസൽ ബസുകൾ സൂപ്പർഫാസ്റ്റുകളായി നിരത്തിലിറക്കാനാണ് മാനേജ്മെന്‍റ് ആലോചിക്കുന്നത്. കിഫ്‌ബി വായ്‌പ ലഭ്യമായി രണ്ട് വർഷത്തിന് ശേഷമാണ് തിരിച്ചടവ് ആരംഭിക്കേണ്ടത്. മാസം ഏഴ് കോടി രൂപയാണ് തിരിച്ചടവ്. ഇതിന് പുറമെ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നെടുത്ത 3,000 കോടി രൂപയുടെ തിരിച്ചടവ് മാസം 31 കോടി രൂപയാണ്. ഇത് രണ്ടും കൂടിയാകുമ്പോൾ കെഎസ്ആർടിസിയുടെ പ്രതിമാസ തിരിച്ചടവ് 38 കോടിയാകും.