കേരളം

kerala

ETV Bharat / state

റീബില്‍ഡ് കേരള; റോഡുകളുടെ അറ്റകുറ്റപ്പണിയും പുനര്‍നിര്‍മാണവും ഉടന്‍ പൂര്‍ത്തീകരിക്കും

2020 ഡിസംബര്‍ 31നകം റോഡുകളുടെ എല്ലാ പണിയും പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

റോഡ് കിടുവാക്കാന്‍ മുഖ്യനും സംഘവും; റീബില്‍ഡ് കേരളയുടെ ഭാഗമായി യോഗം ചേര്‍ന്നു

By

Published : Nov 7, 2019, 9:54 PM IST

Updated : Nov 7, 2019, 10:20 PM IST

തിരുവനന്തപുരം:പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണം സംബന്ധിച്ച തുടര്‍ നടപടികള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു. റീബില്‍ഡ് കേരളയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും തദ്ദേശസ്വയംഭരണ വകുപ്പിനും കീഴിലുള്ള റോഡുകളില്‍ അറ്റകുറ്റപ്പണികളും പുനര്‍നിര്‍മ്മാണവും നടത്തേണ്ടവ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെ കീഴില്‍ 295 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 31 റോഡുകള്‍ക്കായി 300 കോടി രൂപ ലോകബാങ്കിന്‍റെ വികസനനയ വായ്‌പയില്‍ നിന്ന് അനുവദിക്കാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ 602 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 322 റോഡുകള്‍ക്കായി 488 കോടി രൂപയും ഇതുപ്രകാരം അനുവദിച്ചിരുന്നു. ഇതിന്‍റെ തുടര്‍നടപടികള്‍ യോഗം വിലയിരുത്തി. നിലവില്‍ സുഗമമായ യാത്രാസൗകര്യം ഒരുക്കാനാവാത്ത റോഡുകളുടെ, ജില്ല തിരിച്ചുള്ള കണക്കും പ്രവര്‍ത്തന പദ്ധതിയും യോഗം പരിശോധിച്ചു. റോഡുകളുടെ പ്രവൃത്തി 2020 ഡിസംബര്‍ 31നകം പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.

അറ്റകുറ്റപ്പണികള്‍ മാത്രമുള്ളവ 2020 മെയ് മാസത്തോടെ പൂര്‍ത്തിയാക്കണം. മഴക്കാലം മുന്‍കൂട്ടി കണ്ട് പ്രവൃത്തികള്‍ ആസൂത്രണം ചെയ്യണം. മഴ മാറിയാല്‍ ഉടന്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. സുതാര്യമായ രീതിയില്‍ സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ കേരള പുനര്‍നിര്‍മാണ പദ്ധതിയുടെയും വകുപ്പുതല സമിതിയുടെയും സംയുക്തയോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിര്‍മിക്കപ്പെടേണ്ട റോഡുകളെ മൂന്ന് മാസത്തിനുള്ളില്‍ പണിതീര്‍ക്കാവുന്ന പാക്കേജുകളായി തിരിച്ച് നിര്‍വഹണത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാന്‍ തീരുമാനിച്ചു. ഫീല്‍ഡ് സര്‍വ്വേ നടത്തി വിശദാംശരേഖ തയ്യാറാക്കാന്‍ മുന്‍പരിചയവും തെളിയിക്കപ്പെട്ട ശേഷിയുമുള്ള ഏജന്‍സികളെയും റോഡുനിര്‍മ്മാണത്തിന് ആധുനിക സന്നാഹങ്ങളുള്ള നിര്‍മാണ കമ്പനികളെയും മുന്‍കൂട്ടി എംപാനല്‍ ചെയ്യാനും യോഗത്തില്‍ തീരുമാനമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍, തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Last Updated : Nov 7, 2019, 10:20 PM IST

ABOUT THE AUTHOR

...view details