തിരുവനന്തപുരം:സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മോട്ടോര്‍ വാഹന വകുപ്പിന്‍റെ ആര്‍സി ബുക്ക് അച്ചടി നിലച്ചു. കരാര്‍ കമ്പനി പ്രിന്‍റിംഗ് നിര്‍ത്തിയിട്ട് രണ്ടാഴ്‌ചയോളമായി. 7 കോടിയോളം രൂപയാണ് അച്ചടി കരാറെടുത്ത കമ്പനിക്ക് കുടിശികയായി നല്‍കാനുള്ളത്.
രണ്ട് ലക്ഷത്തോളം അപേക്ഷകള്‍ ആര്‍ സി ബുക്കിനായി കാത്തു നില്‍കുമ്പോഴാണ് കരാര്‍ കമ്പനി അച്ചടി അവസാനിപ്പിച്ചത്. ആര്‍ സി ബുക്കും ലൈസന്‍സും പൂര്‍ണമായും സ്‌മാര്‍ട്ട് കാര്‍ഡുകളായി മാറിയതോടെ 2023 ഏപ്രില്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്‌ട്രീസിനാണ് അച്ചടിക്കുള്ള കരാര്‍ നല്‍കിയിട്ടുള്ളത്. ഓഗസ്റ്റ് മാസം മുതലുള്ള കുടിശികയാണിത്.
സ്‌മാര്‍ട്ട് കാര്‍ഡിലേക്ക് മാറുന്നതിന് മുന്‍പ് അതാത് ആര്‍ടിഒകളില്‍ പ്രത്യേകം കരാര്‍ നല്‍കിയാണ് പേപ്പര്‍ ലാമിനേഷനില്‍ ലൈസന്‍സും ആര്‍ സി ബുക്കും തയ്യാറാക്കിയിരുന്നത്. വെയിലേറ്റാല്‍ തെളിയുന്ന എംവിഡിയുടെ ലോഗോ ഉള്‍പ്പടെ 20 ലേറെ പ്രത്യേകതകളാണ് സ്‌മാര്‍ട്ട് കാര്‍ഡിലുള്ളത്. ഇത് പ്രിന്‍റ് ചെയ്യാനായി പ്രത്യേകം കാര്‍ട്രിഡ്‌ജും പ്ലാസ്റ്റിക് പേപ്പറും ആവശ്യമാണ്.
സംസ്ഥാനത്തെ 86 ആര്‍ ടി ഓഫിസുകളിലും ലഭിക്കുന്ന അപേക്ഷ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്‌ട്രീസിന്‍റെ പ്രത്യേക സര്‍വറില്‍ ലഭിക്കും. പിന്നീട് എറണാകുളം തേവരയിലെ പ്രസിലാണ് സ്‌മാര്‍ട്ട് കാര്‍ഡുകള്‍ തയ്യാറാക്കുക. പ്രതിദിനം 25000 ത്തോളം സ്‌മാര്‍ട്ട് കാര്‍ഡുകള്‍ ഇവിടെ അച്ചടിക്കാനാകും.