തിരുവനന്തപുരം:വിദ്യാർഥികൾക്കായി ഒരു കോടിയുടെ ഉപരിപഠന സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ആർപി ഗ്രൂപ്പ് ചെയർമാൻ ഡോക്‌ടർ രവി പിള്ള. കോവളം ലീലാ റാവിസ് ഹോട്ടലിന്‍റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചാണ് സ്കോളർഷിപ്പ് നൽകുന്നത്. കോവളത്ത് നിന്നുള്ള വിദ്യാർഥിൾക്കാണ് പ്രഥമ പരിഗണന.
1000 വിദ്യാർഥികൾക്ക് 10,000 രൂപ വീതമാണ് സ്കോളർഷിപ്പ്. ഇതിൽ 70 ശതമാനം പെൺകുട്ടികൾക്കായിരിക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് സുവർണ ജൂബിലിയോട് അനുബന്ധിച്ച് നടക്കുന്നത്.
കൊവിഡിന് ശേഷം തിരിച്ചുവരവിന് ഒരുങ്ങുന്ന കേരളത്തിന്‍റെ ടൂറിസം വ്യവസായത്തിന് പുതിയ മാനം നൽകുന്ന പദ്ധതികൾ കോവളത്ത് നടപ്പിലാക്കും. അന്തർദേശീയ ദേശീയ പ്രാദേശിക തലത്തിൽ കോവളത്തിന്‍റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന വിധത്തിലാകും ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ. 2023ൽ സന്ദർശിക്കേണ്ട 50 സ്ഥലങ്ങളിൽ ന്യൂയോർക്ക് ടൈംസിന്‍റെ പട്ടികയിൽ കേരളം ഇടംപിടിച്ചതിലൂടെ സംസ്ഥാനത്തിന്‍റെ ടൂറിസം സാധ്യതകൾ വർധിച്ചതായും അദ്ദേഹം ചൂണ്ടികാട്ടി.
രാജ്യത്ത് ഇന്ന് ഏറ്റവും അധികം തൊഴിൽ നൽകുന്ന മേഖലയായി ടൂറിസം മാറി കഴിഞ്ഞു. ഇത് പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾക്ക് സംസ്ഥാനം തുടക്കം കുറിച്ചിട്ടുമുണ്ടെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും രവി പിള്ള പറഞ്ഞു. സംസ്ഥാനത്തേക്ക് എത്തിപ്പെടാൻ വ്യോമ - റെയിൽ കണക്‌ടിവിറ്റിയും, സംസ്ഥാനത്ത് എത്തിയാൽ സഞ്ചരിക്കാൻ മികച്ച റോഡുകളുമുണ്ടെങ്കിൽ ആഭ്യന്തര വിദേശ ടൂറിസ്‌റ്റുകൾ കേരളത്തിലേക്ക് ഒഴുകും.
രാജ്യത്തിനകത്തും പുറത്തും നമ്മൾ നല്ല രീതിയിൽ ടൂറിസം പ്രമോഷൻ നടത്തുന്നുണ്ട്. നമ്മുടെ നാടിനെ കുറിച്ച് ഇവർക്കൊക്കെ അറിയാം. എന്നാൽ എത്തിപെടാനുള്ള ബുദ്ധിമുട്ടാണ് പലരെയും അകറ്റി നിര്‍ത്തുന്നത്.
സംസ്ഥാനത്ത് റോഡ് വികസനം അതിവേഗം പുരോഗമിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ ഇത് പൂർണമാകും. ഇത് കേരളത്തിന്‍റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവേകുമെന്നും അദ്ദേഹം പറഞ്ഞു. പരിസര ശുചിത്വത്തിലും മാലിന്യ സംസ്‌കരണത്തിലുമാണ് ഇനി ശ്രദ്ധ വേണ്ടത്.
ഭരണകൂടവും ജനങ്ങളും കൈകോർത്താൽ മാത്രമേ ഇത് സാധ്യമാകൂ. കോവളത്തെ ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തിയ ലീലാ റാവിസ് ഹോട്ടൽ അൻപതിന്‍റെ നിറവിലാണ്. 1972 ൽ കേന്ദ്ര ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തനമാരംഭിച്ച ഹോട്ടൽ അശോകയാണ് ഇന്ന് ലീല റാവിസ് കോവളമായി തല ഉയർത്തി നിൽക്കുന്നത്.