തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനോട് കോണ്‍ഗ്രസും സമൂഹവും നീതി കാണിച്ചില്ലെന്ന് രമേശ് ചെന്നിത്തല. ഫെയ്സബുക്ക് പോസ്റ്റിലാണ് മുല്ലപ്പള്ളിക്ക് പിന്തുണയുമായി ചെന്നിത്തല രംഗത്ത് വന്നിരിക്കുന്നത്. അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് മുല്ലപ്പള്ളിയെ അപമാനിക്കാന്‍ ശ്രമം നടന്നു. ഇതിന് പിന്നിലുള്ളവര്‍ ഇന്നല്ലെങ്കില്‍ നാളെ പശ്ചാത്തപിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജി വെക്കാനുള്ള സന്നദ്ധത ഹൈക്കമാന്റിനെ മുല്ലപള്ളി അറിയിച്ചിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയോടും തന്നോടും മറ്റ് പ്രധാന നേതാക്കളോടും ചര്‍ച്ച ചെയ്യാതെ അദ്ദേഹം ഒരു കാര്യവും കൈകൊണ്ടിട്ടില്ല. അതുകൊണ്ട് തന്നെ നേട്ടത്തിലും കോട്ടത്തിലും എല്ലാ നേതാക്കന്മാര്ക്കും ഒരേപോലെ പങ്കാളിത്തം ഉണ്ട്. അര്‍ഹിക്കാത്ത വിമര്‍ശനവും പരിഹാസവും നിരത്തി അപമാനിക്കാനുള്ള നീക്കവും ധാരാളമായി മുല്ലപ്പള്ളിക്കെതിരെയുണ്ടായി. തനിക്കുനേരേയും മുല്ലപ്പള്ളിക്കുനേരേയും സിപിഎമ്മിന്റെ സൈബര്‍ വെട്ടുകിളിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ വേണ്ട വിധത്തിലുള്ള പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസിനായില്ലെന്നും ചെന്നിത്തല ഫെയ്സബുക്കില്‍ കുറിച്ചു.
Also Read:സംസ്ഥാന മന്ത്രിമാർക്കും സാലറി ചാലഞ്ച് ; 10,000 രൂപവീതം ദുരിതാശ്വാസ നിധിയിലേക്ക്
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സ്ഥാനം രാജി വെക്കാനുള്ള സന്നദ്ധത ഹൈക്കമാന്റിനെ അറിയിച്ചിരിക്കുകയാണ്. സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിത്വമാണ് മുല്ലപ്പള്ളി രാമചന്ദ്രന്.
വാസ്തവത്തില്‍ ഇന്ന് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന പല വിമര്‍ശനങ്ങളും അസ്ഥാനത്താണ്. ഒരു വ്യക്തിയെന്ന നിലയിലും നേതാവെന്ന നിലയിലും മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താന്‍ കേരള സമൂഹത്തിന് സാധിച്ചിട്ടില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. കെഎസ്യു, യൂത്ത് കോണ്‍ഗ്രസിലൂടെയാണ് പൊതുരംഗത്ത് അദ്ദേഹം സജീവമാകുന്നത്.
കെഎസ്യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കാലിക്കറ്റ് സര്‍വകലാശാല യൂണിയന് ചെയര്മാന് എന്നീ പദവികളില്‍ കൂടെ കടന്നു വന്ന അദ്ദേഹം, 1978 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധിയോടൊപ്പം നിലയുറപ്പിച്ചു. കേരളത്തിലെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ പൂര്‍ണമായും കാല്‍നടയായി സഞ്ചരിച്ച മുല്ലപ്പള്ളി രാമചന്ദ്രനെ ഞാനോര്‍ക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ പദയാത്ര അന്നത്തെ യൂത്ത് കോണ്‍ഗ്രസിന് ഊര്‍ജം പകര്‍ന്നു നല്‍കുന്നതായിരുന്നു. എട്ടുതവണ പാര്‍ലമെന്റ് അംഗമായി പ്രവര്‍ത്തിച്ച വ്യക്തിയാണ്. അതും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ശക്തമായ കോട്ടകളായ കണ്ണൂരും വടകരയും അടക്കമുള്ള മണ്ഡലങ്ങളില്‍ നിന്നാണ് ജയിച്ചത്. ഒരുമിച്ച് നാല് തവണ പാര്‍ലമെന്റ് അംഗങ്ങളായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. രണ്ട് തവണ അദ്ദേഹം കേന്ദ്രമന്ത്രിയായിരുന്നു. പാര്‍ലമെന്റില്‍ അതിമനോഹരമായി ഇംഗ്ലീഷില്‍ പ്രസംഗിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ എല്ലാ എംപിമാരും ശ്രദ്ധിച്ചിരുന്നു. രാജീവ് ഗാന്ധി അദ്ദേഹത്തെ എഐസിസി സെക്രട്ടറിയാക്കി വിവിധ സംസ്ഥാനങ്ങളുടെ ചുമതല ഏല്‍പ്പിച്ചു.
ദേശീയ നേതാക്കളുമായി ഊഷ്മളമായ ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കേന്ദ്രമന്ത്രി എന്ന നിലയില്‍ ഒരു പരാതിക്കും ഇടനല്‍കാതെ ഭംഗിയായി കാര്യങ്ങള്‍ നിറവേറ്റി. സ്വാതന്ത്ര്യസമര പശ്ചാത്തലമുള്ള ഒരു കുടുംബത്തിലെ അംഗമായത് കൊണ്ടാവാം, ഒരിക്കലും കമ്മ്യൂണിസ്റ്റുകാര്‍ക്ക് മുമ്പില്‍ മുട്ടുമടക്കാതെ ധീരമായി പോരാടി. സ്വാതന്ത്ര്യ സമരസേനാനി മുല്ലപ്പള്ളി ഗോപാലനാണ് അദ്ദേഹത്തിന്റെ പിതാവ്. ഞങ്ങള്‍ക്ക് ഒരുപാട് സ്നേഹം പകര്‍ന്നു നല്കിയ അദ്ദേഹത്തിന്റെ മാതാവ് ധന്യമായ ഒരു വ്യക്തിത്വമായിരുന്നു. അഴിമതിയുടെ കറപുരളാത്ത, ആദര്‍ശ ശുദ്ധിയുള്ള പൊതു സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ മൂല്യങ്ങള്‍ സൂക്ഷിക്കുന്ന ഒരു വ്യക്തിത്വമായിട്ടാണ് കഴിഞ്ഞ 40 വര്‍ഷക്കാലത്തെ പരിചയം കൊണ്ട് എനിക്ക് അദ്ദേഹത്തെ അറിയാവുന്നത്. പാര്‍ട്ടി പറഞ്ഞ ഓരോ അവസരങ്ങളിലും ചിറ്റൂരിലും നിലമ്പൂരിലുമടക്കം ഓരോ ഉപതെരഞ്ഞെടുപ്പുകളിലും വെല്ലുവിളികള്‍ ഏറ്റെടുത്ത് മത്സരിച്ച വ്യക്തിയാണ്.
മലബാറിലെ കോണ്‍ഗ്രസിന്റെ കരുത്താണ് മുല്ലപ്പള്ളി രാമചന്ദ്രന് എന്നതില്‍ യാതൊരു സംശയവും വേണ്ട. ജനഹൃദയങ്ങളില്‍ ജീവിക്കുന്ന വ്യക്തിയാണദ്ദേഹം. കോണ്‍ഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നിയോഗം അദ്ദേഹത്തിനായിരുന്നു. ആ പ്രക്രിയ പൂര്‍ത്തീകരിച്ച് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുത്ത് പ്രഖ്യാപിച്ചത് ചരിത്ര മുഹൂര്‍ത്തമായി ഞാനിപ്പോഴും കാണുന്നു. അങ്ങനെ ചരിത്രത്തിലെ തങ്കത്താളുകളില്‍ സ്ഥാനംപിടിച്ച വ്യക്തിയാണ്. ഔദ്യോഗിക കാര്യങ്ങളോ പാര്‍ട്ടി പദവികളോ സ്വന്തം കാര്യത്തിന് വേണ്ടി ഒരിക്കലും ഉപയോഗിക്കാത്ത നിര്‍മലമായ വ്യക്തിത്വം. ഒരു ആരോപണവും ഇത്രയും കാലമായി അദ്ദേഹത്തിനെതിരെ ഉന്നയിക്കാന്‍ സാധിക്കാത്തത് ആ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ്.