തിരുവനന്തപുരം: വിവാദ പ്രസ്‌താവനകളിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുധാകരന്‍റെ മതേതര നിലപാടിന് ബിജെപിയുടെയോ സിപിഎമ്മിന്‍റെയോ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാൻ സന്നദ്ധത അറിയിച്ച് സുധാകരൻ ആർക്കും കത്തയച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
സുധാകരന്‍റെ പരാമർശം നാക്കുപിഴയാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചതാണ്. സംഭവം വിവാദമാക്കേണ്ട കാര്യമില്ല. സുധാകരൻ കറ തീർന്ന മതേതര വാദിയാണ്. കറ തീർന്ന മതേതര നിലപാട് കോൺഗ്രസ് ഉയർത്തിപ്പിടിക്കും.
സുധാകരന്‍റെ പ്രസ്‌താവനയെ തുടർന്നുണ്ടായ ലീഗിന്‍റെ ആശങ്കയിൽ തെറ്റ് പറയാനാവില്ല. അത് ചർച്ച ചെയ്‌ത് പരിഹരിക്കും. സുധാകരന്‍റെ പ്രസ്‌താവനകൾ ഗൗരവതരമാണെന്ന് വി ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവും താനും പറയുന്നത് ഒരേ കാര്യമാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ആശയപരമായി ആരും തമ്മിൽ ഭിന്നതയില്ല. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു പോകും. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാൻ സന്നദ്ധത അറിയിച്ച് സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചിട്ടില്ല.