തിരുവനന്തപുരം :ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തത് ആശ്ചര്യജനകമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പിന്‍റെ ചുമതല കൂടി നിർവഹിക്കുന്ന മുഖ്യമന്ത്രി പിഞ്ചുബാലികയ്ക്ക് നേരെയുണ്ടായ ക്രൂരമായ ചെയ്‌തിക്കെതിരെ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു. അഞ്ച് മാസമായി സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും മിണ്ടാത്ത മുഖ്യമന്ത്രിക്ക് എന്ത് മനസാക്ഷിയാണുള്ളത്.
ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയെങ്കിലും സംഭവത്തെ അപലപിക്കാൻ തയ്യാറാകാത്തത് ഒരു മുഖ്യമന്ത്രിക്ക് ചേർന്ന രീതിയല്ല. ആലുവ സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് നീതി ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന ഭരണകൂടത്തിനില്ലേയെന്നും ചെന്നിത്തല ചോദിച്ചു. ആരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ മൗനം. അടിയന്തരമായി കുടുംബത്തെ ചേർത്തുപിടിക്കാനും നീതി ഉറപ്പാക്കാനും മുഖ്യമന്ത്രി മൗനം വെടിയണം. അക്രമികളെ നിലയ്ക്കുനിർത്താനുള്ള നടപടികളിലേക്ക് നീങ്ങണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എതിരാളികളെ, ഇല്ലാത്ത കേസുകളുണ്ടാക്കി തോജോവധം ചെയ്യാനുള്ള ആവേശം ജനങ്ങളുടെ സുരക്ഷയ്‌ക്ക് വേണ്ടി ആഭ്യന്തര വകുപ്പ് കാണിക്കുന്നില്ല. ആഭ്യന്തര വകുപ്പിന്‍റെ പരാജയമാണ് ആലുവ സംഭവത്തിന്‍റെ മൂലകാരണം. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ പുസ്‌തകം പോലെയായി. തുടർച്ചയായി കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങൾക്ക് ഉത്തരവാദി സംസ്ഥാന ആഭ്യന്തര വകുപ്പ് മാത്രമാണ്. പൊലീസിന്‍റെ പ്രവർത്തന സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിട്ട് നിർത്തിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
ജൂലൈ 28ന് വൈകുന്നേരമാണ് ആലുവയിലെ തായക്കാട്ടുകരയിൽ താമസിക്കുന്ന ബിഹാര്‍ സ്വദേശികളുടെ മകളെ ബിഹാര്‍ സ്വദേശിയായ അസ്‌ഫാക്ക് ആലം എന്നയാൾ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയെ പൊലീസ് പിടികൂടി. തുടർന്ന് കുട്ടിക്കായി തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ ആലുവ മാർക്കറ്റിന് സമീപം കണ്ടെത്തിയത്.
അഞ്ച് വയസുള്ള പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് വന്നിരുന്നു. പൊലീസിന് നൽകിയ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ്, പീഡനം നടന്നതായി വ്യക്തമാക്കുന്നത്. പീഡനത്തിന് ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും കയറോ ചരടോ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് മരണം ഉറപ്പാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ കഴുത്തിലും ശരീരത്തിലും മുറിവുകളുണ്ട്. ആന്തരികാവയങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലങ്ങൾ ലഭിച്ച ശേഷമായിരിക്കും വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരിക.
ALSO READ :'നന്നായി മലയാളം സംസാരിക്കും, എല്ലാം അറിയാനും പഠിക്കാനും താത്‌പര്യം'; ആലുവയിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഓർമകൾ പങ്കുവച്ച് അധ്യാപിക
അതേസമയം പ്രതിയെ ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് കൊച്ചിയിലെ പോക്സോ കോടതിയിൽ പ്രത്യേക അപേക്ഷ നൽകും. കൊലപാതകത്തിൽ പ്രതിയുടെ കൃത്യമായ പങ്കാളിത്തമെന്തെന്നതും തെളിവുകൾ ശേഖരിക്കലുമാണ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങുന്നതിലൂടെ പൊലീസ് ലക്ഷ്യമിടുന്നത്. പ്രതി മുൻപും സമാനമായ കൊലപാതകം നടത്തിയുണ്ടോ, ആലുവ കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും സഹായമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്. കസ്റ്റഡിയിൽ കിട്ടിയശേഷം സംഭവ സ്ഥലത്തുകൊണ്ടുപോയി തെളിവെടുപ്പ് നടത്താനാണ് തീരുമാനം.