തിരുവനന്തപുരം: എ ഐ ക്യാമറ പദ്ധതിയിൽ കരാർ കമ്പനിയായ എസ്ആർഐടി ആദ്യ ഗഡു ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാർ കമ്പനിക്ക് തത്കാലം പണം നൽകരുതെന്ന ഹൈക്കോടതി ഇടക്കാല ഉത്തരവ് നിലനിൽക്കെയാണ് എസ്ആർഐടി ആദ്യ ഗഡു ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു (Ramesh Chennithala on SRIT Approached Keltron For First Installment).
കോടതിയെ സമീപിക്കാതെയാണ് കമ്പനി സർക്കാരിനോട് ആദ്യ ഗഡു ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുന്നത്. എസ്ആര്‍ഐടിക്ക് അനുകൂലമായി തീരുമാനമെടുക്കാൻ സർക്കാർ അണിയറയിൽ നീക്കം നടത്തുന്നുണ്ട്. ഇത് ഒത്തുകളിയല്ലാതെ മറ്റെന്താണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു പങ്കാളിയായിട്ടുള്ളതാണ് ഇതിലൊരു കമ്പനി എന്നത് ഇതിന്‍റെ ദുരൂഹത വർധിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞ രമേശ് ചെന്നിത്തല ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്നും കൂട്ടിച്ചേർത്തു.
ഇന്നലെയാണ് എസ്ആർഐടി ആദ്യ ഗഡു ആവശ്യപ്പെട്ട് കെൽട്രോണിന് കത്തയച്ചത്. കരാർ പ്രകാരം ഓരോ മൂന്ന് മാസം കൂടുമ്പോഴും 7.56 കോടി രൂപ വീതം 20 ഗഡുക്കളായാണ് നൽകേണ്ടത്. എ ഐ കാമറകൾ പ്രവർത്തനം ആരംഭിച്ച് സെപ്റ്റംബർ നാലിന് മൂന്ന് മാസം തികയാനിരിക്കെയാണ് എസ്ആർഐടി കെൽട്രോണിന് കത്തയച്ചത്.
അതേസമയം കെൽട്രോൺ നിയമപരമായ തടസങ്ങൾ ചൂണ്ടിക്കാട്ടി കത്ത് സർക്കാരിന് കൈമാറിയതായാണ് വിവരം. ആദ്യ ഗഡുവായി ആകെ 11.61 കോടി രൂപയാണ് മോട്ടോർ വാഹന വകുപ്പ് കെൽട്രോണിന് നൽകേണ്ടത്. ഇതിൽ എസ്ആർഐടിക്ക് നൽകേണ്ട 7.56 കോടി രൂപയും ഉൾപ്പെടും. ബാക്കി തുകയാണ് കെൽട്രോണിനുള്ളത്.