തിരുവനന്തപുരം : എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്ക് താഴെയാണെന്നും ആരും പാർട്ടിക്ക് അതീതരല്ലെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നേറേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സജീവമാകാൻ ശശി തരൂർ നടത്തുന്ന പര്യടനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'അഭിപ്രായ വ്യത്യാസങ്ങൾ പറയാൻ പാർട്ടിയിൽ ഇടമുണ്ട്. പാർട്ടിയുടെ ചട്ടക്കൂടില്‍ നിന്നുവേണം എല്ലാവരും പ്രവർത്തിക്കാൻ. ഭിന്നിപ്പ് ഉണ്ടാകുന്നതിന് ആരും കാരണക്കാർ ആകരുത്'.
'എല്ലാ വാദ്യങ്ങളും ചെണ്ടക്ക് താഴെ, ആരും പാർട്ടിക്ക് അതീതരല്ല'; ശശി തരൂരിന്‍റെ പര്യടനത്തില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല 'പാർട്ടിക്ക് ഒരു ചട്ടക്കൂട് ഉണ്ട്. അതിനുള്ളിൽ നിന്ന് പ്രവർത്തിക്കണം. ഒരു നേതാവിനെയും ആരും ഭയപ്പെടേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 'ഊതിവീർപ്പിച്ച ബലൂണുകൾ സൂചി കൊണ്ടാൽ പൊട്ടിപ്പോകും’ എന്ന് തരൂരിനെ ഉന്നമിട്ട് വി.ഡി സതീശൻ നടത്തിയ പരാമർശത്തോടും ചെന്നിത്തല പ്രതികരിച്ചു'.
'വി ഡി സതീശൻ തരൂരിന് എതിരെ പറഞ്ഞിട്ടില്ല. സതീശന്‍റെ ബലൂൺ പ്രയോഗം തരൂരിനെ ഉദ്ദേശിച്ചല്ല. തരൂർ ചേരി രൂപപ്പെടുന്നു എന്ന തോന്നൽ ഇല്ല. ഇതിനെയൊന്നും വലിയ പ്രശ്‌നമായി കാണുന്നില്ല'.
കോട്ടയത്തെ ഫ്ലക്‌സ് ബോർഡിൽ നിന്ന് തന്നെയും ഒഴിവാക്കിയിട്ടുണ്ട്. അതിലൊന്നും പരാതിയുടെ കാര്യമില്ല. മുഖ്യമന്ത്രി കുപ്പായം തയ്പ്പിക്കണമെങ്കിലും നാലുവർഷം സമയം ഉണ്ട്. ഇപ്പോഴേ തയ്‌പ്പിക്കേണ്ടതില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.