രാഹുല്‍ ഗാന്ധിക്കെതിരായ വിധിയില്‍ രമേശ് ചെന്നിത്തല തിരുവനന്തപുരം :രാഹുൽ ഗാന്ധിക്ക് എതിരായ കേസിൽ ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് രമേശ് ചെന്നിത്തല. നസ്രത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കേണ്ട എന്ന ബൈബിൾ വചനമാണ് ഓർമ വരുന്നത്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
10 കേസുകൾ രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടെന്നാണ് കോടതി പറഞ്ഞത്. എന്നാല്‍, നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ സംസാരിക്കുന്നതുകൊണ്ട് രാഹുൽ ഗാന്ധിയുടെ വായടപ്പിക്കാൻ ബിജെപി പ്രവർത്തകർ തന്നെയാണ് കേസുകൾ നൽകുന്നത്. വിവിധ കോടതികളിൽ ഇത്തരത്തിൽ കേസുകൾ കൊടുത്ത് രാഹുൽ ഗാന്ധിയെ വേട്ടയാടുകയും അപമാനിക്കുകയുമാണ്.
ഇതുകൊണ്ടെന്നും രാഹുൽഗാന്ധിയെ തളർത്താം എന്ന് കരുതേണ്ട. കേന്ദ്രസർക്കാരിനെതിരായ പോരാട്ടം തുടരും. കേസുകൾ കൊണ്ടെന്നും രാഹുൽഗാന്ധിയെയും കോൺഗ്രസിനെയും നിശബ്‌ദമാക്കാമെന്നും വിചാരിക്കേണ്ട.
പൊതുജനങ്ങൾക്ക് എല്ലാം ഇക്കാര്യം ബോധ്യമായിട്ടുണ്ട്. പാർലമെന്‍റില്‍ മോദി അദാനി ബന്ധം തുറന്നുകാണിച്ചപ്പോഴാണ് കേസ് കുത്തിപ്പൊക്കി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്. ഈ രാഷ്ട്രീയ വേട്ടയാടലിനെതിരെ ഒറ്റക്കെട്ടായി കോൺഗ്രസ് രാഹുൽ ഗാന്ധിക്കൊപ്പം പോരാടും.
നരേന്ദ്ര മോദി പ്രതിപക്ഷ നേതാക്കളെ വേട്ടയാടും പോലെയാണ് സംസ്ഥാനത്ത് മുഖ്യമന്ത്രിയും പ്രവർത്തിക്കുന്നത്. മോദിക്ക് പഠിക്കുകയാണ് പിണറായി വിജയൻ. ഇതെല്ലാം ജനങ്ങൾ മനസിലാക്കുന്നുണ്ടെന്ന് ഭരണകൂടം ഓർക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഏകസിവിൽ കോഡിൽ സിപിഎം ശ്രമം വർഗീയ ധ്രുവീകരണം : ഏക സിവിൽ കോഡ് വിഷയത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഹിന്ദു മുസ്ലിം വിഷയമായി ചിത്രീകരിച്ച് രാഷ്ട്രീയമായ നേട്ടമുണ്ടാക്കാനാണ് നീക്കം. ന്യൂനപക്ഷത്തിന്‍റെ പിന്തുണ സംഘടിപ്പിക്കാനുള്ള അടവാണിത്.
ഇത് ശരിയായ നിലപാടല്ല. ഏക സിവിൽ കോഡ് വിഷയത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് മുമ്പ് സിപിഎം ഇ. എം. എസിനെ തള്ളിപ്പറയണം. അതിനുശേഷം മാത്രമേ കോൺഗ്രസിനെ കുറ്റം പറയാൻ പാടുള്ളൂ. ഏക സിവിൽ കോഡ് വേണ്ട എന്നത് തന്നെയാണ് കോൺഗ്രസ് നിലപാടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വിധി റദ്ദാക്കാതെ കോടതി : അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന വിധിക്ക് സ്‌റ്റേയില്ല. വിചാരണ കോടതി വിധി റദ്ദാക്കിയില്ല. രാഹുലിന്‍റെ അയോഗ്യത തുടരും. രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത് ലോക്‌സഭ അംഗത്വം തിരിച്ചുകിട്ടാനായിരുന്നു.
ഇതോടെ വരാനിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിലടക്കം രാഹുലിന് പങ്കെടുക്കാനാകില്ല. രാഹുലിന് എതിരെയുള്ള പത്തോളം കേസുകള്‍ വിവിധ കോടതികളുടെ പരിഗണനയിലാണ്. രാഹുല്‍ തെറ്റ് സ്ഥിരമായി ആവര്‍ത്തിക്കുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.
ഈ മാസം അവസാനമാണ് പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനം നടക്കാനിരിക്കുന്നത്. ഇതിന് മുന്നോടിയായി, കോണ്‍ഗ്രസ് തങ്ങളുടെ നേതാവിന്‍റെ അയോഗ്യത നീക്കിക്കിട്ടാന്‍ ശക്തമായ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിധി തിരിച്ചടിയായിരിക്കുകയാണ്. ജസ്‌റ്റിസ് ഹേമന്ത് പ്രച്ഛക്കാണ് വിധി പ്രഖ്യാപിച്ചത്. പാര്‍ലമെന്‍റ് അംഗം എന്ന നിലയില്‍, ഇടക്കാല ആശ്വാസം അനുവദിക്കാന്‍ ജഡ്‌ജി നേരത്തേ വിസമ്മതിച്ചിരുന്നു.
ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന്, രണ്ട് വര്‍ഷത്തെ പരമാവധി ശിക്ഷ ലഭിച്ചാല്‍ തന്‍റെ കക്ഷിക്ക് ലോക്‌സഭ സീറ്റ് നഷ്‌ടമാകുമെന്ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു. ഇങ്ങനെ സംഭവിച്ചാല്‍ അദ്ദേഹത്തെ വ്യക്തിപരമായും പ്രതിനിധീകരിക്കുന്ന മണ്ഡലത്തെയും ഗുരുതരമായി ബാധിക്കും. വിധി പുനഃപരിശോധിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.