കേരളം

kerala

ETV Bharat / state

'സ്പോൺസർഷിപ്പ് എന്നത് ഓമനപ്പേര്, ബക്കറ്റ് പിരിവ് നടത്തിയവരുടെ പരിഷ്‌കൃത രൂപമാണ് ഇത്': പരിഹസിച്ച് രമേശ് ചെന്നിത്തല - എഐ കാമറ

മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കരുത് എന്ന് ആവശ്യപ്പെട്ട രമേശ് ചെന്നിത്തല സർക്കാരിന്‍റെ കയ്യിൽ പണമില്ലെങ്കിൽ പണം പിരിച്ച് സമ്മേളനം നടത്തുന്നത് എന്തിനാണ് എന്നും ചോദിച്ചു.

Ramesh Chennithala on Loka Kerala Sabha  Loka Kerala Sabha Sponsorship  Ramesh Chennithala  Loka Kerala Sabha  Loka Kerala Sabha 2023  മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  രമേശ് ചെന്നിത്തല  എഐ കാമറക്കെതിരെ തിരിഞ്ഞ് പ്രതിപക്ഷം  പ്രതിപക്ഷം  എഐ കാമറ  ലോക കേരള സഭ
രമേശ് ചെന്നിത്തല

By

Published : Jun 2, 2023, 1:27 PM IST

രമേശ് ചെന്നിത്തല പ്രതികരിക്കുന്നു

തിരുവനന്തപുരം: ബക്കറ്റ് പിരിവ് നടത്തിയവരുടെ പരിഷ്‌കൃത രൂപമാണ് സ്പോൺസർഷിപ്പെന്ന് പരിഹസിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കയിൽ നടക്കാനിരിക്കുന്ന ലോക കേരള സഭ സമ്മേളനത്തിലെ പണപ്പിരിവിനെതിരെയാണ് രമേശ് ചെന്നിത്തലയുടെ വിമർശനം. കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ അടുത്തിരിക്കണമെങ്കിലും ഭക്ഷണം കഴിക്കണമെങ്കിലും പണം കൊടുക്കണം എന്ന് പറയുന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ലോക കേരള സഭകളില്‍ കേരളത്തിന് ഒരു ഗുണവുമില്ല. ഇതൊരു ധൂർത്താണ്. ധനികരായ വരേണ്യ വർഗത്തിന്‍റെ പ്രതിനിധികളെ കൂട്ടി നടത്തുന്ന ഇത്തരം സംവിധാനങ്ങൾ കൊണ്ട് കേരളത്തിന് ഒരു ഗുണവും ഉണ്ടാകുന്നില്ല. ഇത്രയും കാലം നടത്തിയ വിദേശപര്യടനം കൊണ്ട് എന്ത് ഗുണമാണ് ഉണ്ടായതെന്നും പ്രവാസി ലോകത്തിന് ഇതുകൊണ്ട് എന്തു ഗുണമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

സ്പോൺസർഷിപ്പ് എന്നത് ഓമനപേരാണ്. ഈ പിരിവ് ആര് പറഞ്ഞിട്ടാണ് നടത്തിയത്? പൂച്ച കണ്ണടച്ച് പാലുകുടിക്കുന്നത് പോലെയാണ് തട്ടിപ്പും വെട്ടിപ്പും നടക്കുന്നത്. മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കരുത്. എന്തിനാണ് സർക്കാരിന്‍റെ കയ്യിൽ പണമില്ലെങ്കിൽ പണം പിരിച്ച് സമ്മേളനം നടത്തുന്നത്. മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. സ്പീക്കർ സ്ഥാനത്തിരുന്ന് പണപ്പിരിവ് നടത്തിയ ആളാണ് ശ്രീരാമകൃഷ്‌ണൻ. നോർക്കയുടെ സ്ഥാനത്ത് എത്തിയപ്പോഴും അത് തുടരുന്നുവെന്നും കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിന് യഥാർഥത്തിൽ എന്തോ അസുഖം ഉണ്ടെന്നും 33 കെ വി സബ്സ്റ്റേഷനിലെ കറണ്ട് കൊണ്ടും ഇത് ഭേദപ്പെടുത്താനാവില്ലെന്നുമുള്ള മുൻ മന്ത്രി എ കെ ബാലന്‍റെ പരാമർശത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. ആർക്കാണ് ഷോക്ക് അടിപ്പിക്കേണ്ടതെന്ന് ജനങ്ങൾക്കറിയാം. പൂച്ച പാലുകുടിക്കുന്നത് പോലെയാണ് തട്ടിപ്പ് നടത്തുന്നത്. അത് പിടിച്ചതിലുള്ള പ്രതിഷേധമാണ് എ കെ ബാലനെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം വായ്‌പ തട്ടിപ്പിൽ അറസ്റ്റിലായ കെപിസിസി സെക്രട്ടറിക്കെതിരായ നടപടി കെപിസിസി നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐ കാമറക്കെതിരെ തിരിഞ്ഞ് പ്രതിപക്ഷം: എഐ കാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കി തുടങ്ങുന്ന ജൂൺ 5 ന് എല്ലാ എഐ കാമറകളുടെ മുന്നിലും കോൺഗ്രസ് സത്യഗ്രഹം നടത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. അതിനുശേഷം നിയമ നടപടികളിലേക്ക് കടക്കും. താനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഹൈക്കോടതിയിൽ കേസ് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.

രണ്ടു മൂന്നു ദിവസത്തിനുള്ളിൽ കേസ് ഫയൽ ചെയ്യും. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന ഗുരുതര തെറ്റാണ് എഐ കാമറ പദ്ധതി. ആ തെറ്റ് വെളിച്ചത്ത് വരും. ഇത് ഭയന്നാണ് മുഖ്യമന്ത്രി ഒന്നും മിണ്ടാത്തത് എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ പങ്കെടുക്കുന്ന ലോക കേരള സഭയുടെ മേഖല സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഗോൾഡൻ പാസിന് 82 ലക്ഷം രൂപയും സിൽവർ പാസിന് 41 ലക്ഷം രൂപയും ബ്രൗൺസ് പാസിന് 20.5 ലക്ഷം രൂപയുമാണ് നിരക്ക്. വലിയ തുക സ്പോൺസർഷിപ്പ് നൽകുന്നവർക്ക് സമ്മേളന വേദിയിൽ അംഗീകാരവും കേരളത്തിൽ നിന്നുള്ള വിഐപികൾക്കൊപ്പം ഡിന്നറും ആണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. സർക്കാരിന്‍റെ പ്രതിനിധി ഇല്ലാത്ത സംഘാടകസമിതിയാണ് സർക്കാർ പരിപാടിക്കായി പണം പിരിക്കുന്നത്. ഈ സംഭവത്തിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ രൂക്ഷ വിമർശനം.

ABOUT THE AUTHOR

...view details