കേരളം

kerala

ETV Bharat / state

Ramesh Chennithala On CWC Reorganisation | രമേശ് ചെന്നിത്തലയുടെ മനസിലെന്ത്?, കോൺഗ്രസിൽ നീറുന്ന ചിന്ത - കോൺഗ്രസ് പുനസംഘടനാ പട്ടിക

Ramesh Chennithala Expected Birth in National Leadership | പ്രതിപക്ഷ നേതൃസ്ഥാനം നൽകാതെ മാറ്റി നിർത്തിയപ്പോൾ എഐസിസി സെക്രട്ടറി സ്ഥാനം വരെ അദ്ദേഹം പ്രതീക്ഷിച്ചിരുന്നു

Etv Bharat Ramesh Chennithala  Ramesh Chennithala Resents  Congress Reorganization List  KPCC  AICC  Congress Kerala  കോൺഗ്രസ് പ്രവർത്തക സമിതി  Congress Working Committee Reorganization  കോൺഗ്രസ് പുനസംഘടനാ പട്ടിക  കോൺഗ്രസ് പുനഃസംഘടന
Ramesh Chennithala Resents on Congress Reorganization List

By ETV Bharat Kerala Team

Published : Sep 7, 2023, 3:34 PM IST

തിരുവനന്തപുരം : കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടന പട്ടികയിൽ ഉൾപ്പെടുത്താതിരുന്നതിൽ കടുത്ത അമർഷമുള്ള രമേശ് ചെന്നിത്തലയുടെ മനസിലെന്ത്? (Ramesh Chennithala On CWC Reorganisation) കോൺഗ്രസിനുളളിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് (Puthupally Election) ഫലത്തേക്കാള്‍ ആശങ്കയുയർത്തുന്നത് ഇതാണ്. പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചപ്പോൾ കേരളത്തിൽ നിന്ന് എ കെ ആന്‍റണി (A K Antony), കെ സി വേണുഗോപാൽ (K C Venugopal) എന്നിവർക്കുപുറമെ ശശി തരൂരിനെയാണ് (Shashi Tharoor) ഉൾപ്പെടുത്തിയത്.

മുതിർന്ന നേതാവായിട്ടും രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായാണ് ഉൾപ്പെടുത്തിയത്. 32 സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിലേക്ക് തന്നെ ഉൾപ്പെടുത്തിയിരിക്കുന്നത് തരംതാഴ്ത്തലാണെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. വർഷങ്ങൾക്ക് മുമ്പ് വഹിച്ചിരുന്ന അതേ പദവിയിലേക്ക് വീണ്ടും നിയമിക്കുന്നത് അപമാനിക്കലാണെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടേയും വികാരം.

പ്രതിപക്ഷ നേതൃസ്ഥാനം നൽകാതെ മാറ്റി നിർത്തിയപ്പോൾ ദേശീയ നേതൃത്വത്തിലേക്ക് ഒരു സ്ഥാനം രമേശ് ചെന്നിത്തല പ്രതീക്ഷിച്ചിരുന്നു. എ ഐ സി സി സെക്രട്ടറി സ്ഥാനം വരെ അദ്ദേഹം പ്രതീക്ഷിച്ചു. എ കെ ആന്‍റണി, ഉമ്മൻചാണ്ടി (Oommen Chandy) എന്നിവർ മാറുമ്പോൾ കേരളത്തിൽ നിന്നുള്ള ദേശീയ നേതാവായി മാറാമെന്ന രമേശ് ചെന്നിത്തലയുടെ മോഹമാണ് ഇപ്പോൾ പൊലിയുന്നത്. ശശി തരൂർ കൂടി പ്രവർത്തക സമിതിയിലെത്തിയതോടെ രമേശ് ചെന്നിത്തലയുടെ സാധ്യത ഏറെക്കുറെ അടഞ്ഞ മട്ടാണ്.

അമർഷം അടക്കി തെരഞ്ഞെടുപ്പ് പ്രവർത്തനം :എഐസിസി പ്രവർത്തക സമിതി അംഗങ്ങളുടെ പട്ടിക പുറത്തുവന്നത് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് (Puthupally Election) പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ്. രമേശ് ചെന്നിത്തല പുതുപ്പള്ളിയിൽ കുടുംബയോഗങ്ങളിൽ അടക്കം പ്രസംഗിച്ച് സജീവമായി പ്രവർത്തിക്കവെയാണ് പട്ടിക പുറത്തുവരുന്നത്. പ്രതീക്ഷിച്ചിരുന്ന സ്ഥാനം ലഭിക്കാത്തിൽ ചെന്നിത്തലയ്ക്ക് കടുത്ത അമർഷമുണ്ടായിരുന്നെങ്കിലും അത് പരസ്യമാക്കാതെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് അദ്ദേഹം തീരുമാനിച്ചത്.

ചുരുക്കം ചിലരോട് മാത്രമാണ് രമേശ് ചെന്നിത്തല അമർഷം അറിയിച്ചത്. പരസ്യ പ്രതികരണം പൂർണമായി ഒഴിവാക്കി. മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞപ്പോൾ തെരഞ്ഞെടുപ്പിന് ശേഷം മാത്രം ഇക്കാര്യത്തിൽ പ്രതികരണം എന്ന നിലപാടെടുക്കുകയായിരുന്നു. പലതവണ ഇക്കാര്യത്തിൽ പ്രതികരണം തേടിയപ്പോഴും ഇതുതന്നെയായിരുന്നു നിലപാട്. ഇതിനിടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞെങ്കിലും ചെന്നിത്തല അത് തള്ളുകയോ കൊള്ളുകയോ ചെയ്തില്ല. നാളെ വോട്ടെണ്ണലിന് പിന്നാലെ തന്നെ രമേശ് ചെന്നിത്തല ഇക്കാര്യത്തിൽ നിലപാടെടുക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.

അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിക്കും :പ്രവർത്തക സമിതിയിൽ നിന്നൊഴിവാക്കിയതിലെ അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് രമേശ് ചെന്നിത്തലയുടെ തീരുമാനം. സോണിയ ഗാന്ധിയടക്കമുള്ള നേതാക്കളെ അതൃപ്തി അറിയിക്കും. ഏതെങ്കിലും സംസ്ഥാനത്തിന്‍റെ ചുമതല നൽകിയാൽ ഏറ്റെടുക്കാതെ മാറി നിൽക്കാനാകും അദ്ദേഹത്തിന്‍റെ തീരുമാനം.

Also Read:കൈകോര്‍ത്ത് രമേശും മുരളിയും ; പുനസംഘടനയില്‍ ഹൈക്കമാന്‍ഡിന്‍റെ 'ഷെല്ലാക്രമണ'ത്തിനിടെ പുതിയ നീക്കം

അതേസമയം രമേശ് ചെന്നിത്തലയുടെ പരസ്യ പ്രതികരണം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. ഇക്കാര്യത്തിൽ ഐ ഗ്രൂപ്പിൽ നിന്നുതന്നെ ചെന്നിത്തലയ്ക്കുമേൽ സമ്മർദമുണ്ട്. രൂക്ഷമായ പരസ്യ പ്രതികരണം ഒഴിവാക്കി പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉന്നയിക്കാനാണ് ഐ ഗ്രൂപ്പിൽ നിന്നുതന്നെയുള്ള നിര്‍ദേശം. പുതുപ്പള്ളിയിൽ മികച്ച വിജയം കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. അതിനിടെ ഇത്തരം സംഘടനാപ്രശ്‌നം ചർച്ചയാക്കുന്നത് ഒഴിവാക്കണമെന്ന് പാര്‍ട്ടി നേതൃത്വം ആഗ്രഹിക്കുന്നു. ഇന്ന് ഭാരത് ജോഡോ യാത്രയുടെ വാർഷികത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന പദയാത്ര രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇങ്ങനെ സംഘടനാ പ്രവർത്തനത്തിൽ സജീവമായി നിൽക്കുമ്പോൾ തന്നെ എങ്ങനെയാകും അദ്ദേഹം തന്‍റെ അതൃപ്തി പ്രകടമാക്കുക എന്നറിയാനാണ് രാഷ്ട്രീയ കേരളത്തിന്‍റെ ആകാംക്ഷ.

ABOUT THE AUTHOR

...view details