തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്‍റെ കൊലപാതകം സംബന്ധിച്ച കേസില്‍ ആരോപണ വിധേയനായ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതെന്ന് രമേശ് ചെന്നിത്തല. കൃത്യം ചെയ്‌തവർ കുറ്റം ഏറ്റുപറഞ്ഞ സാഹചര്യത്തിൽ കൊലയ്ക്ക് പ്രേരണ നൽകിയവരെ നിയമത്തിനു മുന്നിലെത്തിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. ഷുഹൈബ് രക്തസാക്ഷിത്വത്തിന്‍റെ നാലാം വാർഷികം ആചരിക്കുന്ന വേളയിലാണ് ഈ കൊലപാതകത്തിന്‍റെ പിന്നാമ്പുറങ്ങളിലെ രഹസ്യങ്ങൾ മറനീക്കി പുറത്തുവരുന്നത്.
കൊന്നവരും, കൊല്ലിച്ചവരും വഴിപിരിയുന്ന സമയത്തും ഒരു കുടുംബത്തിന്‍റെ തോരാത്ത കണ്ണീരിനു പരിഹാരമുണ്ടായിട്ടില്ല. മകനെ ഓർത്ത് തേങ്ങുന്ന മാതാപിതാക്കളും കുഞ്ഞനുജത്തിമാരും നീതി തേടി അലയുകയാണ്. കൊലപാതകത്തിന് മുമ്പ് കൊടുത്ത വാഗ്‌ദാനങ്ങൾ പാലിക്കപ്പെടാതെ വന്നതോടെ നിലനിൽപ്പിനായി സ്വയം സംഘടിക്കുന്ന ക്വട്ടേഷൻ സംഘങ്ങൾ തുടർച്ചയായി അഴിഞ്ഞാടുന്നതിന്‍റെ ഉത്തരവാദിത്തം സിപിഎം നേതൃത്വത്തിനാണ്. ക്വട്ടേഷൻ സംഘങ്ങളെ ഉത്‌പാദിപ്പിക്കുന്ന കമ്പനിയായി സിപിഎം മാറിക്കഴിഞ്ഞതായും ചെന്നിത്തല ആരോപിച്ചു.