തിരുവനന്തപുരം: എഐ ക്യാമറ അഴിമതി ആദ്യമായി പുറത്തുകൊണ്ട് വന്നപ്പോൾ പലരും പുച്‌ഛിച്ച് തള്ളിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ എഐ ക്യാമറയുമായി ബന്ധപ്പെട്ട പദ്ധതിയുമായി സർക്കാർ മുമ്പോട്ട് പോവുകയായിരുന്നു. പാവപ്പെട്ട ജനങ്ങളുടെ കയ്യിൽ നിന്നും പിഴിഞ്ഞ് നേടുന്ന പണം അഴിമതിക്കാർക്ക് കൊടുക്കരുതെന്ന് വെളിവാക്കുന്ന വിധിയാണ് ഇപ്പോൾ പുറത്തുവന്നതെന്നും ചെന്നിത്തല പറഞ്ഞു.
എഐ ക്യാമറ വിവാദത്തില്‍ പ്രതികരിച്ച്: പ്രെസാഡിയോയ്‌ക്ക് കരാർ കൊടുക്കാനുള്ള നടപടിയുമായി മുൻപോട്ട് പോവുകയാണ്. ഈ അഴിമതി തടയാനുള്ള നമ്മുടെ ശ്രമങ്ങളെ പുച്‌ഛിക്കുകയാണ് സർക്കാർ ചെയ്‌തത്. ഈ പദ്ധതിയിലൂടെ ലാഭമുണ്ടാക്കാൻ പ്രെസാഡിയോയും എസ്ആർഐടിയുടെയും ശ്രമം കോടതി തടഞ്ഞുവെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. അഴിമതി തടയാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകർക്കെതിരെ കേസെടുക്കാനുള്ള നടപടി സർക്കാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയിൽ പോകാനാണ് ഇത്രയും നാൾ ഇവർ പറഞ്ഞത്. ഇതാ കോടതിക്ക് വസ്‌തുത മനസിലായിരിക്കുന്നു. അഴിമതിക്കെതിരെ സംസാരിച്ചാൽ കേസെടുത്ത് വായടപ്പിക്കാമെന്ന് കരുതണ്ടെന്നും ഓരോ അഴിമതിയും പുറത്തുകൊണ്ട് വരുമ്പോൾ കേസും കൂടുന്നുവെന്നും ചെന്നിത്തല സര്‍ക്കാരിനെ വിമര്‍ശിച്ചു. കെപിസിസി പ്രസിഡന്‍റിനെ അപമാനിക്കാൻ വേണ്ടിയാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നതെന്നും ക്രൈംബ്രാഞ്ച് തന്നെ ഇതു തള്ളികളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം എം.വി ഗോവിന്ദൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സര്‍വകലാശാല ക്രമക്കേടുകളില്‍ പ്രതികരിച്ച്: കോളജിൽ അഡ്‌മിഷൻ കിട്ടാൻ നിഖില്‍ തോമസിന് ശുപാർശ നൽകിയ സിൻഡിക്കേറ്റ് മെമ്പർ ആരാണെന്ന് പുറത്തുവരണം. കായംകുളത്ത് നിന്ന് എ.എച്ച് ബാബുജാന്‍ മാത്രമാണ് കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗം. ബാബുജാനാണോ ഇതു ചെയ്‌തതെന്ന് അദ്ദേഹം വെളിപ്പെടുത്തണമെന്നും യോഗ്യത സർട്ടിഫിക്കറ്റ് നൽകി അഡ്‌മിഷൻ വാങ്ങാൻ സഹായിച്ചത് ഇദ്ദേഹമാണെങ്കിൽ രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.