തിരുവനന്തപുരം:കണ്ണൂര്‍ സര്‍വകലാശാലാ വി.സി നിയമനം സംബന്ധിച്ച് ഗവര്‍ണര്‍ക്ക് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി സ്വയം രാജിവച്ച് പുറത്തു പോകുന്നില്ലെങ്കില്‍ അവരെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
നിയമന പ്രക്രിയ അട്ടിമറിക്കാനും തന്‍റെ ഇഷ്ടക്കാരനായ നിലവിലെ വൈസ് ചാന്‍സലര്‍ക്ക് സര്‍വകലാശാല ആക്ടിലെ പ്രായപരിധി കഴിഞ്ഞിട്ടും പുനര്‍ നിയമനം നല്‍കാനും ഗവര്‍ണര്‍ കൂടിയായ ചാന്‍സലറില്‍ മന്ത്രി സമ്മര്‍ദ്ദം ചെലുത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനവും അധികാര ദുര്‍വിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവുമാണ്. സംസ്ഥാനത്തെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളാണ് തെളിവുകള്‍ സഹിതം കഴിഞ്ഞ കുറേ ദിവസങ്ങളായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ALSO READ: വിസി നിയമന വിവാദം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ്
ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തന്നെ സര്‍വകലാശാലകളില്‍ നടക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് ഒരു ഗവര്‍ണര്‍, സര്‍വകലാശാലകളുടെ കാര്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന രാഷ്ട്രീയ ഇടപെടലുകളില്‍ പ്രതിഷേധിച്ച് ചാന്‍സലര്‍ സ്ഥാനം അടിയന്തിരമായി ഒഴിയുന്നു എന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്നത്.
വൈസ് ചാന്‍സിലറുടെ പുനര്‍ നിയമനത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായി എന്ന് ഗവര്‍ണര്‍ പറഞ്ഞെങ്കിലും ആരാണ് സമ്മര്‍ദ്ദം ചെലുത്തിയതെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ട രേഖകള്‍ പ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവാണ് ഇത്തരത്തില്‍ ഗവര്‍ണറില്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് ബോധ്യമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മന്ത്രിക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുള്ള അവകാശമില്ല എന്ന് രമേശ് ചെന്നിത്തല കത്തില്‍ വ്യക്തമാക്കി.