തിരുവനന്തപുരം:ആനുകൂല്യങ്ങളെല്ലാം കവർന്നെടുക്കപ്പെട്ടിരിക്കുന്നുവെന്നും ആശ്രിത നിയമനം അട്ടിമറിക്കാൻ സർക്കാർ ഗൂഢശ്രമം നടത്തുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള എൻ ജി ഒ അസോസിയേഷൻ 48-ാം സംസ്ഥാന സമ്മേളനത്തിൻ്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്‌ദാനം നൽകി അധികാരത്തിൽ എത്തിയവർ ഏഴാം വർഷവും അതിന് തയ്യാറായിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സാമൂഹിക സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് സർവീസിലിരിക്കെ മരിച്ചവരുടെ ആശ്രിതർക്ക് സമാശ്വാസ പദ്ധതി പ്രകാരം ജോലി നൽകുന്നത്. എന്നാൽ ഒരു വർഷത്തിനുള്ളിൽ ജോലി ലഭിച്ചില്ലെങ്കിൽ പത്ത് ലക്ഷം രൂപ സമാശ്വാസമായി വാങ്ങിപ്പോകണമെന്ന സർക്കാർ നിർദേശം അപലപനീയമാണ്. ഓരോ വകുപ്പിലും ഉള്ള ആകെ ഒഴിവിന്‍റെ 5 ശതമാനമാണ് ആശ്രിത നിയമനത്തിനായി മാറ്റിവയ്‌ക്കേണ്ടത്.
കഴിഞ്ഞ യുഡിഎഫ് സർക്കാർ ആശ്രിത നിയമനത്തിന് സമർപ്പിച്ച അപേക്ഷകളിൽ പൂർണമായും നിയമനം നൽകിയിരുന്നു. തസ്‌തികകൾ ഒഴിവില്ലാതെ വരുന്ന സാഹചര്യത്തിൽ സൂപ്പർ ന്യൂമററി തസ്‌തികകൾ സൃഷ്‌ടിച്ചായിരുന്നു ഇത്തരം നിയമനങ്ങൾ നടത്തിയിരുന്നത്. ഒഴിവുകൾ വരുമ്പോൾ ഇവ ക്രമപ്പെടുത്തി നൽകുകയും ചെയ്യും.
തൊഴിലാളി പ്രേമം നടിക്കുന്ന ഭരണകൂടം തൊഴിലാളി വിരുദ്ധനയങ്ങളുമായിട്ടാണ് മുന്നോട്ടുപോകുന്നത്. ആനുകൂല്യങ്ങളെല്ലാം കവർന്നെടുക്കപ്പെട്ടിരിക്കുന്നു. 2021 മുതലുള്ള 11 ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ്. കേന്ദ്ര ഗവൺമെന്‍റ് ജീവനക്കാർക്ക് യഥാസമയം ക്ഷാമബത്ത കിട്ടുമ്പോഴും കേരളത്തിലെ ജീവനക്കാർ ആനുകൂല്യത്തിനായി നിരന്തരം പ്രക്ഷോഭത്തിലാണ്. വർഷങ്ങളായി ലഭിച്ച് കൊണ്ടിരുന്ന ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.