തിരുവനന്തപുരം: തിരുവല്ലം പൊലിസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തയാള്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രാദേശിക വഴക്കിനെത്തുടർന്നാണ് സുരേഷ് എന്നയാളെ കസ്റ്റഡിയിലെടുക്കുന്നത്. ഇയാളെ സ്റ്റേഷനിൽ വെച്ച് മർദിച്ചതായും ആരോപണമുണ്ട്. ഇക്കാര്യത്തിൽ പൊലിസിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട്. വഴക്കിൽ പൊലിസ് പക്ഷം ചേർന്ന് പ്രതിയായി ആരോപിക്കപ്പെട്ട സുരേഷിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. ഈ സാഹചര്യത്തിൽ കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം. നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.