എഐ ക്യാമറ അഴിമതിയില്‍ എം.വി ഗോവിന്ദന് മറുപടിയുമായി രമേശ് ചെന്നിത്തല തിരുവനന്തപുരം: എഐ ക്യാമറ അഴിമതി സംബന്ധിച്ച് താൻ പറഞ്ഞ നുണ എന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല. ക്യാമറ ഇടപാടിന്‍റെ പിന്നിൽ അഴിമതി നടന്നുവെന്ന് പറഞ്ഞത് നുണയാണെങ്കിലും വസ്‌തുനിഷ്‌ടം അല്ലെങ്കിലോ അത് പൊതുസമൂഹത്തിന് മുന്നിൽ ഗോവിന്ദൻ തുറന്നുപറയണം. അല്ലാതെ പ്രസ്‌താവനയിറക്കി പുകമറ സൃഷ്‌ടിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങളെ നേരിൽകണ്ട് വിശദീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് പാർട്ടി സെക്രട്ടറി പ്രസ്‌താവന ഇറക്കിയത്. അഴിമതിയുടെ വിവരങ്ങൾ പൂർണമായി മനസിലാക്കാതെയാണ് എം.വി ഗോവിന്ദൻ സംസാരിക്കുന്നത്. കാര്യങ്ങൾ മനസിലാക്കാതെ പോയതിൽ ദുഃഖമുണ്ടെന്നും നാണമുണ്ടെങ്കിൽ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും വിടാതെ:പ്രതിപക്ഷം പറഞ്ഞത് നുണയെന്ന് പറഞ്ഞ് സര്‍ക്കാർ ആശ്വസിക്കുകയാണ്. പ്രതിപക്ഷ ആരോപണങ്ങൾക്കൊന്നും മുഖ്യമന്ത്രി ഒരു മറുപടിയും പറഞ്ഞിട്ടില്ല. ഐടി വകുപ്പിൻ്റെ ചുമതല മുഖ്യമന്ത്രിക്കാണ്. എന്നാൽ ആരോപണങ്ങളിൽ വസ്‌തുനിഷ്‌ടമായ മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ഗതാഗതമന്ത്രി ഒന്നും അറിഞ്ഞില്ല എന്നാണ് പറയുന്നതെന്നും ഇത്തരത്തിൽ പ്രതികരിക്കുന്നവരാണ് പ്രതിപക്ഷത്തെ കുറ്റം പറയുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയേയും പാർട്ടി സെക്രട്ടറിയേയും പ്രതിപക്ഷം പറഞ്ഞ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
ഒന്നാം പിണറായി സർക്കാറിന്‍റെ കാലം മുതൽ പ്രതിപക്ഷം വസ്‌തുതാപരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പ്രതിപക്ഷ ആരോപണങ്ങൾ വരുന്നതിന് പിന്നാലെ വിവാദ പദ്ധതികളിൽ നിന്ന് സർക്കാർ പിന്മാറുന്നതും പതിവ് കാഴ്‌ചയാണ്. ഇതെല്ലാം മനസിലാക്കി വേണം സംസാരിക്കാനെന്നും എഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും താനും ഒരുമിച്ചാകും കോടതിയെ സമീപിക്കുക. ഇക്കാര്യത്തിൽ നിയമ വിദഗ്‌ദരുമായി കൂടിയാലോചനകൾ തുടരുകയാണ്. അതിനുശേഷം നിയമനടപടി സ്വീകരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം പറയുന്ന അഴിമതി ആരോപണങ്ങൾ ജനങ്ങൾക്ക് മനസിലാകുന്നുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
കഴിഞ്ഞ ദിവസത്തെ വാർത്താക്കുറിപ്പിലാണ് മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല ആവർത്തിച്ച് നുണ പറഞ്ഞ് സമൂഹത്തെ പരിഹസിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചത്. എഐ ക്യാമറ സംസ്ഥാനത്തെ റോഡ് അപകടങ്ങളും നിയമലംഘനങ്ങളും ഗണ്യമായി കുറയ്ക്കാൻ സഹായകമായിട്ടുണ്ടെന്നും എം.വി ഗോവിന്ദന്‍ അറിയിച്ചിരുന്നു. പറഞ്ഞു പൊളിഞ്ഞ ആരോപണങ്ങളും രേഖകളും പുതിയതാണ് എന്ന വ്യാജേനെ പരത്താനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ശശി തരൂരിന്‍റെ അഭിപ്രായമല്ല കോൺഗ്രസിന്‍റേത്:പാർലമെന്‍റ് ഉദ്ഘാടനത്തിന്‍റെ ഭാഗമായി ചെങ്കോൽ സ്ഥാപിച്ചതിനെ പിന്തുണച്ച ശശി തരൂർ എംപിയെ തള്ളി രമേശ് ചെന്നിത്തല. ശശി തരൂർ എന്ത് നിലപാട് സ്വീകരിച്ചു എന്നതിൽ കാര്യമില്ല. കോൺഗ്രസിന്‍റെ അഭിപ്രായം ദേശീയ അധ്യക്ഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ മാറ്റമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ചെങ്കോൽ അധികാര ചിഹ്നമാണെന്നും അത് പാർലമെന്‍റില്‍ പ്രതിഷ്‌ഠിക്കുന്നതോടെ പരമാധികാരം രാജാവിനല്ല ഇവിടെയാണ് സ്ഥിതി ചെയ്യുന്നതെന്നും ഉറപ്പിക്കുകയാണെന്നും പഴമയുടെ മുദ്രയെ നമുക്ക് അംഗീകരിക്കാമെന്നുമായിരുന്നു ശശി തരൂർ ട്വിറ്ററിൽ കുറിച്ചത്. കോൺഗ്രസ് ഇതുവരെ സ്വീകരിച്ച നിലപാടുകൾക്ക് വിരുദ്ധമായിരുന്നു ശശി തരൂരിൻ്റെ ഈ പ്രതികരണം.