കോട്ടയം: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സർവീസിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യദ്രോഹപ്രവർത്തനത്തിൽ കൂട്ടാളിയായ ശിവശങ്കറിനെ ആർട്ടിക്കിൾ 311 അനുസരിച്ച് അന്വേഷണമില്ലാതെ പുറത്താക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എം ശിവശങ്കറിനെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് ചെന്നിത്തല
കേസിൽ മുഖ്യമന്ത്രിയെ പ്രതി ചേര്‍ക്കണം. അഞ്ചാം പ്രതിയായി ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തിട്ടും ശിവശങ്കറിനെതിരെ പറയാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു
കേസിൽ മുഖ്യമന്ത്രിയെ സാക്ഷിയല്ല, പ്രതിയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ചാം പ്രതിയായി ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തിട്ടും ശിവശങ്കറിനെതിരെ പറയാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഒരു സ്ത്രീയുമായി വഴിവിട്ട ബന്ധം എന്ന് മാത്രമാണ് അദ്ദേഹം ശിവശങ്കറിനെതിരെ പ്രതികരിച്ച ഏക വാക്ക്. ശിവശങ്കറിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞാൽ മുഖ്യമന്ത്രിയുടെ പല കള്ളക്കളികളും പുറത്താകും. ശിവശങ്കറിനെ ഭയന്നാണ് മുഖ്യമന്ത്രി കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഐ ഫോൺ വിവാദത്തിൽ തനിക്കെതിരായ ആരോപണത്തിൽ മാനനഷ്ടത്തിന് കേസ് നൽകും. കിട്ടാനുള്ള ഏക ഐഫോൺ എവിടെയുണ്ടെന്ന് അറിയാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ താൻ അത് വെളിപ്പെടുത്തില്ല. വിവാദത്തിൽ മറുപടിയാവശ്യപ്പെട്ട് പൊലീസിന് നൽകിയ കത്തിൽ മറുപടി ലഭിക്കാതായതോടെയാണ് ചെന്നിത്തല കോടതിയെ സമീപിക്കുന്നത്. കോട്ടയത്ത് സർക്കാരിനെതിരായ പ്രതിഷേധ പരിപാടികളുടെ ഭാഗമായി തിരുവഞ്ചൂർ രാധകൃഷ്ണന്‍റെ 24 മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.