തിരുവനന്തപുരം: തലസ്ഥാനത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ കേരളീയം പരിപാടി വിപുലമായി നടക്കുമ്പോള്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ പ്രതിഷേധ സമരവുമായി ആര്‍എസ്‌പിയും ബിജെപിയും. 'കേരളീയം രാക്ഷസീയം' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇന്നലെ രാത്രി മുതലാണ് ആര്‍എസ്‌പി രാപ്പകല്‍ സമരം ആരംഭിച്ചത്. സര്‍ക്കാരിന്‍റെ അഴിമതികളെ വൈറ്റ് വാഷ് ചെയ്യാനാണ് കേരളീയം നടത്തുന്നതെന്ന് സമാപന സമരം ഉദ്ഘാടനം ചെയ്‌ത മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആദ്യമായാണോ നവംബര്‍ ഒന്ന് വരുന്നതെന്നും കേരളത്തിന്‍റെ രജത ജൂബിലിയാണോ ഇതെന്നും അദ്ദേഹം ചോദിച്ചു (Ramesh Chennithala Against Keraleeyam).
വോട്ട് ബാങ്കുകളെ ലക്ഷ്യമാക്കിയാണ് കേരളീയം സംഘടിപ്പിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. കേരള ജനതയെ ഇതുപോലെ വഞ്ചിച്ച മുഖ്യമന്ത്രി വേറെയുണ്ടാവില്ല. കേരളീയം ആര്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണ്. എന്തിന് വേണ്ടിയാണ് ഇപ്പോള്‍ കേരളീയം നടത്തുന്നത്. സംസ്ഥാന ഖജനാവില്‍ 5000 രൂപ പോലും മാറി കിട്ടാന്‍ കഴിയാത്ത അവസ്ഥയാണ്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ 27.12 കോടി രൂപയാണ് ഈ മാമാങ്കത്തിന് വേണ്ടി ചെലവിടുന്നത്. ഇത്രയും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി കേരളത്തിന്‍റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി (RSP BJP Against Keraleeyam).
മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ പരിപാടിക്ക് ആളുകള്‍ വരില്ല, അതു കൊണ്ടാണ് ഉദ്ഘാടന ചടങ്ങില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും മഞ്ജു വാര്യരെയുമെല്ലാം ക്ഷണിച്ചത്. അതു പോരാഞ്ഞിട്ട് അതുക്കും മേലെ കമല്‍ഹാസനെ കൂടി വിളിച്ചു. മുഖ്യമന്ത്രി നടത്തുന്ന കേരളീയം നൂറ് ശതമാനം രാക്ഷസീയം തന്നെയാണ്.
മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ വേണം ഒരു മാസം 80 ലക്ഷം രൂപ. കേരള ജനതയെ ഇതുപോലെ വഞ്ചിച്ചിട്ടുള്ള അഴിമതിക്കാരനായ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി വച്ചു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തര്‍ധാരയാണിത്. എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് ഒരു നോട്ടീസ് കൊടുക്കാന്‍ ഇ ഡി തയ്യാറായില്ല?