തിരുവനന്തപുരം: ഗുരുതരമായ ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ ധനമന്ത്രി തോമസ് ഐസക്ക് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.എ.ജി റിപ്പോര്‍ട്ട് കരടായാലും അന്തിമമായാലും അത് കിട്ടുന്നത് ധന സെക്രട്ടറിക്കാണ്. ധന സെക്രട്ടറി കരട് റിപ്പോര്‍ട്ട് സീല്‍ചെയ്ത കവറിലാക്കി ഗവര്‍ണർക്കാണ് കൈമാറേണ്ടത്. ഈ റിപ്പോര്‍ട്ട് ധനമന്ത്രി മോഷ്ടിച്ചെടുത്തതാണ്. നവംബര്‍ 6നു തന്നെ റിപ്പോര്‍ട്ട് അന്തിമമാണെന്ന് സി.എ.ജി അറിയിച്ചു കൊണ്ട് കത്തയച്ചിരുന്നു. ഈ റിപ്പോര്‍ട്ട് നവംബര്‍ 14ന് കരട് റിപ്പോര്‍ട്ടെന്ന മട്ടില്‍ പുറത്തു വിട്ടത് എല്ലാം അറിഞ്ഞു കൊണ്ടാണ്. ഒറിജിനല്‍ പുറത്തു വിടുന്നത് ചട്ടലംഘനമാണെന്നറിഞ്ഞു കൊണ്ടാണ് ധനമന്ത്രി ഇത് കരട് എന്ന പേരില്‍ പുറത്തു വിട്ടത്.
തോമസ് ഐസക്ക് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ്
ഗുരുതരമായ ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ മന്ത്രിക്ക് ഒരു നിമിഷം പോലും തുടരാൻ അവകാശമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷത്തായിരുന്നപ്പോള്‍ സി.പി.എമ്മിന് സി.എ.ജി പവിത്രമാലാഖയായിരുന്നു. പാമോയില്‍ കേസിലും വിഴിഞ്ഞം കരാര്‍ സംബന്ധിച്ചുമെല്ലാമുള്ള സി.എ.ജി റിപ്പോര്‍ട്ടുകളെ സി.പി.എം അംഗീകരിച്ച ചരിത്രമാണുള്ളത്. എന്നാല്‍ ഇപ്പോള്‍ കിഫ്ബിയില്‍ നടക്കുന്ന കൊള്ളയും വെട്ടിപ്പും പിടിക്കുമെന്നായപ്പോഴാണ് സി.എ.ജി ക്കെതിരെ ധനമന്ത്രി തിരിഞ്ഞത്. മസാലാ ബോണ്ടും ലാവ്‌ലിനും തമ്മിലുള്ള ബന്ധം എന്താണെന്ന് പുറത്തു വരാനിരിക്കുന്നതേയുള്ളൂ. ഒന്നും മറയ്ക്കാനില്ലെങ്കില്‍ തോമസ് ഐസക്ക് ഓഡിറ്റിനെ ഭയക്കുന്നതെന്തിനാണ്. ഓഡിറ്റില്‍ തോമസ് ഐസക്ക് ചെയ്ത കുറ്റങ്ങള്‍ ഒന്നൊന്നായി പുറത്തു വരും. കിഫ്ബിയില്ലെങ്കില്‍ ഇവിടെ ഒരു വികസനവും നടക്കില്ലെന്ന നിലപാട് ബാലിശമാണ്. കൊച്ചി മെട്രോയും വിഴിഞ്ഞം തുറമുഖവും കണ്ണൂര്‍ വിമാനത്താവളവും യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയത് കിഫ്ബിയില്ലാതെയായിരുന്നു. നിയമസഭയുടെ മേശപ്പുറത്തു വയ്‌ക്കേണ്ട റിപ്പോര്‍ട്ട് അതിനു മുന്‍പ് ചോര്‍ത്തിയ തോമസ് ഐസക്കിനെതിരെ അവകാശലംഘനത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തു നല്‍കിയതായി ചെന്നിത്തല പറഞ്ഞു.