തിരുവനന്തപുരം: മാധ്യമങ്ങളുടെ തെരഞ്ഞെടുപ്പ് സർവേകൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്‍റെ മുന്നേറ്റം തടയാനുള്ള ആസൂത്രിതമായ ശ്രമമാണ് സർവേകളെന്നും തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ സർക്കാർ നൽകിയ 200 കോടിയുടെ പരസ്യത്തിന്‍റെ ഉപകാരസ്മരണയാണ് മാധ്യമങ്ങൾ കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മാധ്യമങ്ങളുടെ തെരഞ്ഞെടുപ്പ് സർവേകൾക്കെതിരെ രമേശ് ചെന്നിത്തല
സർവേകളിൽ യു.ഡി.എഫിന് വിശ്വാസമില്ലെന്നും സർവേകളെ തിരസ്കരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു
ഭരണകക്ഷിക്ക് ഒപ്പം ചേർന്ന് പ്രതിപക്ഷത്തെ തകർക്കാനുള്ള ഹീനതന്ത്രമാണ് മാധ്യമങ്ങൾ പയറ്റുന്നതെന്നും പ്രതിപക്ഷത്തിന് ന്യായമായ സ്‌പേസ് നൽകാതെ ഭരണകക്ഷിക്ക് വേണ്ടി മാധ്യമങ്ങൾ കുഴലൂത്ത് നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സർവേകളിൽ യു.ഡി.എഫിന് വിശ്വാസമില്ലെന്നും സർവേകളെ തിരസ്കരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ജനവിരുദ്ധ സർക്കാരിനെ വെള്ള പൂശാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും അഭിപ്രായ സർവേകൾ ജനഹിതം അട്ടിമറിക്കാൻ വേണ്ടി ദുരുപയോഗപ്പെടുത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെ മുഖ്യമന്ത്രിയും സീതാറാം യെച്ചൂരിയും തള്ളിയതോടെ വിഷയത്തിൽ സർക്കാരിന്‍റെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമായി. ആത്മാർത്ഥതയുണ്ടെങ്കിൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്‌മൂലം സർക്കാർ പിൻവലിക്കണമെന്നും വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സിപിഎമ്മും ബിജെപിയും വൻതോതിൽ പണം ഒഴുക്കുകയാണ്. ഈ പണത്തിന്‍റെ ഉറവിടം അന്വേഷിക്കണം. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കരാറുകൾ റദ്ദാക്കി സർക്കാർ ഉത്തരവിറക്കാത്തതിൽ ദുരൂഹതയുണ്ടെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.