തിരുവനന്തപുരം:സിപിഎം ഭാരത് ജോഡോ യാത്രയില്‍ നിന്ന് വിട്ടുനിന്നത് ഹിമാലയന്‍ മണ്ടത്തരമെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഒരുമിച്ച് മത്സരിക്കാം, എന്നാല്‍ ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്നുള്ളത് സിപിഎമ്മിന്‍റെ അവസരവാദ നിലപാടാണ്. കെപിസിസി ആസ്ഥാനത്ത് നടന്ന മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
ഫാസിസത്തിന് എതിരായ പോരാട്ടത്തിൽ ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ സിപിഎം യാത്രക്ക് എത്തണമായിരുന്നു. സിപിഎമ്മിന്‍റെ ഫാസിസത്തിനെതിരായ പോരാട്ടത്തിൽ ആത്മാർഥത ഇല്ല. ഫാസിസത്തിനെതിരെ പോരാടുമ്പോൾ മറ്റെല്ലാം മറക്കണമെന്ന ചിന്താഗതി ഉയർത്തി പിടിക്കാൻ സിപിഎമ്മിനായില്ല.
കേരളത്തിലെ നേതാക്കളുടെ നിർദേശം മൂലം യെച്ചൂരിക്കും ജോഡോ യാത്രയിൽ പങ്കെടുക്കാനായില്ല. കോൺഗ്രസിനോടല്ല ഫാസിസത്തോടാണ് സിപിഎം പോരാടേണ്ടത്. രാഹുലിന്‍റെ യാത്ര ചൈനയിലെ മാവോയുടെ ലോങ്‌മാർച്ചിനെ അനുസ്‌മരിപ്പിക്കുന്നു. രാഹുൽ കാട്ടിയ വഴിയിലൂടെ മുന്നോട്ട് കോൺഗ്രസ് പോകണമെന്നും ചെന്നിത്തല പറഞ്ഞു. ഗാന്ധിജിയുടെ ആദർശങ്ങൾ ഒരിക്കലും തമസ്‌കരിക്കപ്പെടില്ല. ഗാന്ധി ഭൂതകാലങ്ങളുടെ ഓർമ്മ മാത്രമല്ല. എന്നാൽ രാജ്യത്ത് ഗോഡ്‌സെക്ക് വേണ്ടി അമ്പലം പണിയുന്ന സ്ഥിതിയാണ്.
രാഹുൽ ഗാന്ധി രണ്ടാം ശങ്കരാചാര്യരാണെന്നും ചെന്നിത്തല പറഞ്ഞു. ഭാരത് ജോഡോ യാത്രയിലൂടെ ഭാരതത്തെ ഒന്നാക്കാൻ ശ്രമിച്ചു. രാഹുൽ ഗാന്ധി ആരാണെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് മനസിലായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെപിസിസി പുനഃസംഘടന തീരുമാനിച്ചത് പോലെ നടക്കും:സിപിഐ പാർലമെന്‍ററി പാർട്ടി നേതാവ് ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിൽ സിപിഎം സാക്ഷികൾ കൂറുമാറിയത്തിലൂടെ സിപിഎം - ബിജെപി അവിഹിത ബന്ധം പുറത്തായി. ഇത് ബോധപൂർവമായി കളിയാണ്. ബിജെപി-സിപിഎം ബന്ധം എത്ര ആഴത്തിലാണെന്ന് ഇത് വ്യക്തമാക്കുന്നു.