തിരുവനന്തപുരം: കള്ളം കൈയ്യോടെ പിടിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടൽ മത്സ്യബന്ധന കരാറിലും പതിവ് പോലെ ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവയ്ക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഇഎംസിസിയുടെ പ്രതിനിധികളെ കണ്ടത് ഓർക്കുന്നില്ലെന്നാണ് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പറയുന്നത്. അൽഷിമേഴ്‌സ് ബാധിച്ചവരാണോ കേരളം ഭരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
ആഴക്കടൽ മത്സ്യബന്ധനം; ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവയ്ക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രമമെന്ന് രമേശ് ചെന്നിത്തല - തിരുവനന്തപുരം
തന്‍റെ മേൽ ആരോപണം ഉന്നയിച്ച് പുകമറ സൃഷ്‌ടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് രമേശ് ചെന്നിത്തല
തന്‍റെ മേൽ ആരോപണം ഉന്നയിച്ച് പുകമറ സൃഷ്‌ടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വസ്‌തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ മാത്രമാണ് താൻ കാര്യങ്ങൾ പറയുന്നതെന്നും ഏത് കാര്യമാണ് തെറ്റായി പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്‍റെ മത്സ്യസമ്പത്ത് കൊള്ളയടിക്കുന്നത് തടഞ്ഞതാണ് താൻ ചെയ്‌ത തെറ്റെങ്കിൽ അത്തരം തെറ്റുകൾ ഇനിയും തുടരും. കേരളത്തിന്‍റെ സൈന്യമെന്ന് മത്സ്യത്തൊഴിലാളികളെ വിശേഷിപ്പിച്ചിട്ട് അവരുടെ സമ്പത്ത് കൊള്ളയടിക്കാൻ മുഖ്യമന്ത്രി കൂട്ടു നിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മുൻ ചീഫ് സെക്രട്ടറി ടോം ജോസും ധനകാര്യ സെക്രട്ടറി സഞ്ജയ് കൗളും വാഷിങ്ടണിൽ വെച്ച് ഇഎംസിസി പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ടോയെന്ന് വിശദീകരിക്കണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.