തിരുവനന്തപുരം: മുസ്ലീം ലീഗുമായി കോൺഗ്രസ് നടത്തുന്ന ചർച്ചയെ എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ വർഗീയവത്‌കരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജയരാഘവന്‍റേത് ഇടുങ്ങിയ മനസാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഘടകക്ഷിയുമായുള്ള ചർച്ചയെ വിജയരാഘവൻ വർഗീയവത്‌കരിക്കുന്നു: രമേശ് ചെന്നിത്തല വാ തുറന്നാൽ വർഗീയത പറയുന്നയാളായി വിജയരാഘവൻ മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയനും വിജയരാഘവനും കൂടി സംസ്ഥാനത്തെ വർഗീയവത്കരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. രണ്ട് വോട്ടിനുവേണ്ടി എന്ത് വർഗീയ പ്രചരണം നടത്താനും സി.പി.എമ്മിന് മടിയില്ലെന്ന് തെളിയിക്കുകയാണെന്നും ഇതിനു തുടക്കമിട്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിൽ മുസ്ലീം ലീഗുമായി മുന്നണി ബന്ധം പങ്കിടുന്ന സി.പി.എമ്മാണ് കേരളത്തിൽ ഇങ്ങനെ പറയുന്നതെന്നും ഇതെല്ലാം ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിനെ പഠിപ്പിക്കാൻ വിജയരാഘവൻ വളർന്നിട്ടില്ലെന്നും യു.ഡി.എഫിൽ സീറ്റ് ചർച്ച നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
മലപ്പുറം പാണ്ടിക്കാട് മുസ്ലിംലീഗ് പ്രവർത്തകന്‍റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്നും അതിൽ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതികൾ സി.പി.എമ്മുകാരായതുകൊണ്ട് പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.